donald-trump

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സെനറ്റിൽ നടന്ന ഇംപീച്ച്മന്റ് വിചാരണ അവസാനിച്ചു. ഇനി ബാക്കിയുള്ളത് വോട്ടെടുപ്പാണ്. അമേരിക്കൻ സമയം ബുധനാഴ്‍ച വൈകിട്ട് നാലിനാണ് (ഇന്ത്യൻ സമയം വ്യാഴാഴ്‍ച പുലർച്ചെ 2.30) വോട്ടെടുപ്പ്. ഇംപീച്ച്മെന്റിന്റെ വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ട്രംപ് അമേരിക്കൻ കോൺഗ്രസിന്റെ ജനപ്രതിനിധി സഭയിൽ വാർഷിക നയപ്രഖ്യാപനം നടത്തി. അമേരിക്കയുടെ നല്ലകാലം തിരിച്ചുവരുമെന്ന് ട്രംപ് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഇംപീച്ച്മെന്റിന്റെ കരിനിഴലിൽ നിന്ന് താൻ പുറത്ത് കടക്കുമെന്നതിന്റെ സൂചനയായാണ് ട്രംപിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. പ്രസംഗത്തിലുടനീളം ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് നടത്തിയത്. അമേരിക്കയുടെ ആരോഗ്യനയത്തെയും സാമ്പത്തികനയത്തെയും ട്രംപ് വിമർശിച്ചു. ഡെമോക്രാറ്റുകൾക്കാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം. ഇതേ സഭയാണ് 2019 ഡിസംബറിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ കരു നീക്കിയത്. ഇംപീച്ച്മെന്റ് മാനേജർമാരായി നിയോഗിക്കപ്പെട്ട ഡെമോക്രാറ്റ് അംഗങ്ങളുടെയും ട്രംപിന്റെ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങളാണ് രണ്ടാഴ്‍ചയോളമായി സെനറ്റിൽ നടന്നത്. സാക്ഷികളെ വിസ്‍തരിക്കാനും തെളിവുകൾ ഹാജരാക്കാനുമുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിയിരുന്നു. അതിനാൽ അന്തിമഘട്ട വോട്ടെടുപ്പിലും ഡെമോക്രാറ്റുകളുടെ പ്രമേയം അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. ഇതിനിടെ നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി അയോവ സംസ്ഥാനത്തു നടത്തിയ ഉൾപ്പാർട്ടി വോട്ടെടുപ്പിൽ 97% പേരുടെ പിൻന്തുണയുമായി ട്രംപ് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതുന്ന ജോ ബൈഡനും മകനുമെതിരായ അഴിമതി കേസിൽ അന്വേഷണം നടത്താൻ ഉക്രെയിനിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നതാണ് ട്രംപിനെതിരായ ആരോപണം.