cheating-case-

ബംഗളൂരു : ബംഗളൂരു നഗരത്തിലെ ചന്നപറ്റ്നയിൽ പൂക്കച്ചവടം ചെയ്ത് സാധാരണ ജീവിതം നയിക്കുന്നയാളായിരുന്നു സയ്യദ് മാലിക് ബുർഹാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ രാപ്പകൽ അദ്ധ്വാനിച്ചിരുന്ന അദ്ദേഹത്തെ ഞെട്ടിപ്പിച്ച ദിവസമായിരുന്നു കഴിഞ്ഞ ഡിസംബറിൽ സംഭവിച്ചത്. അതിരാവിലെ ഏതാനും ബാങ്ക് ഉദ്യോഗസ്ഥർ പൂക്കച്ചവടക്കാരന്റെ വീട് തേടി എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ വന്ന തുക എവിടെ നിന്നും ലഭിച്ചതാണെന്നായിരുന്നു അവരുടെ ചോദ്യം. പിന്നാലെ ആധാർ കാർഡുമായി ബാങ്കിലെത്താൻ നിർദ്ദേശിച്ചിട്ട് അവർ മടങ്ങി. എന്നാൽ ബാങ്കിൽ ചെന്നപ്പോഴാണ് സയ്യദ് മാലിക് ശരിക്കും ഞെട്ടിയത്. ഭാര്യയുടെ അക്കൗണ്ടിലുള്ളത് ഉദ്ദേശം മുപ്പത് കോടി രൂപയാണ്. ഇതു കൂടാതെ നിരവധി ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നിട്ടുമുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥരുടെ തിരിച്ചും മറിച്ചുമുള്ള ചോദ്യത്തിൽ ഭാര്യയ്ക്കായി ഓൺലൈൻ മുഖേന ഒരു സാരി മുൻപ് വാങ്ങിയിട്ടുള്ളത് സയ്യദ് മാലിക്കിന് ഓർമ്മ വന്നു. ഓൺലൈൻ മുഖേന ഓർഡർ നൽകിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ഒരു ഫോൺ കോളും സയ്യദ് മാലിക്കിന് വന്നിരുന്നു. ഏതായാലും സംഭവങ്ങൾ ഇത്രയും ഗുരുതരമായ സ്ഥിതിക്ക് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് സയ്യദ് മാലിക്. സയ്യിദ് അറിയാതെ മറ്റാരോ അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതാവാമെന്നും, ഇതിന് പിന്നിലുള്ള വരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നുമാണ് പൊലീസ് പറയുന്നത്.