ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമം കൊണ്ട് ഇന്ത്യൻ മുസ്ലിങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും സൂപ്പർതാരം രജനികാന്ത്. ദേശീയ പൗരത്വ രജിസ്റ്റർ അത്യാവശ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉപകരണമാകാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും രജനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർത്ഥികൾ സമരത്തിനിറങ്ങുന്നതിന് മുമ്പ് നിയമം കൃത്യമായി പഠിക്കണം. അദ്ധ്യാപകരോടും രക്ഷിതാക്കളോടും അതേപ്പറ്റി സംസാരിക്കണം. ഇന്ത്യൻ മുസ്ലിങ്ങൾക്ക് നിയമം എതിരായിരുന്നെങ്കിൽ ആദ്യം സമരത്തിനിറങ്ങുക താനാകുമായിരുന്നു. പുറത്തു നിന്നെത്തിയവരെ കണ്ടെത്താൻ ദേശീയ ജനസംഖ്യ പട്ടിക ആവശ്യമാണ് - പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന രജനിയിൽ നിന്ന് കേന്ദ്രസർക്കാരിന് അനുകൂലമായ പല പരാമർശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ പ്രക്ഷോഭം നടത്തിയവരെ പൊലീസ് വെടിവച്ച സംഭവത്തിൽ സമരക്കാർക്കെതിരായ സമീപനമാണ് രജനി സ്വീകരിച്ചത്.
'പൗരത്വ നിയമത്തെ അനുകൂലിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് നടത്തിയ അഭിപ്രായത്തെ എതിർക്കാനോ അനുകൂലിക്കാനോ ഇല്ല. ഈ വിഷയത്തിൽ എനിക്ക് എന്റേതായി ഒരു വാക്കു പോലും പറയാനില്ല. ഞാനൊരാളുടെ വാക്ക് കടമെടുത്ത് പറയാം. ഹർഭജൻ സിംഗിന്റെ വാക്ക്. അദ്ദേഹം പറഞ്ഞു - വെറും 50 ലക്ഷം ജനങ്ങളുള്ള ക്രൊയേഷ്യ ഫുട്ബാൾ ലോക കപ്പിന്റെ ഫെനലിലെത്തി. 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇപ്പോഴും ഹിന്ദു- മുസ്ലിം കളി കളിച്ചോണ്ടിരിക്കുകയാണ്.'
- നടൻ സലിംകുമാർ