daniel-arap-moi

നയ്റോബി: കെനിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രസിഡന്റായിരുന്ന ഡാനിയൽ അരാപ് മോയി (95) അന്തരിച്ചു. കുറച്ച് നാളുകളായി പ്രായാദ്ധിക്യം മൂലമുള്ള അവശതകളിലായിരുന്ന മോയി ചൊവ്വാഴ്ചയാണ് അന്തരിച്ചത്. സംസ്കാര ദിവസം തീരുമാനിച്ചിട്ടില്ലെന്നും ദേശീയ വ്യാപകമായി ദുഃഖാചരണം നടത്തുമെന്നും കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാട്ട അറിയിച്ചു.

ആദ്യ പ്രസിഡന്റ് ജോമോ കെനിയാട്ട 1978 ൽ മരിച്ചതിനെ തുടർന്നാണ് അന്ന് വൈസ് പ്രസിഡന്റായിരുന്ന മോയി സ്ഥാനമേറ്റത്. പിന്നീടുള്ള 24 വർഷക്കാലം മോയിയുടെ ഭരണത്തിൻ കീഴിലായിരുന്നു കെനിയ. അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതി മൂലം സമ്പദ്‌വ്യവസ്ഥ താറുമാറാവുകയും പട്ടിണി കൂടുകയും ചെയ്തു.

1982 ൽ അട്ടിമറിക്ക് ശ്രമമുണ്ടായതിനെ തുടർന്ന് മോയി സ്വേച്ഛാധിപതിയായി. ഭരണഘടന ഭേദഗതി ചെയ്ത് ഏകകക്ഷിഭരണം നടപ്പാക്കി. 1991 വരെ അദ്ദേഹത്തിന്റെ കെനിയ ആഫ്രിക്കൻ‌ നാഷണൽ യൂണിയൻ പാർട്ടി ഭരിച്ചെങ്കിലും രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് ബഹുകക്ഷി ജനാധിപത്യം തിരികെ കൊണ്ടുവന്നു. പ്രതിപക്ഷം വിഘടിച്ചുനിന്നതിനാൽ 92 ലും 97 ലും മോയി തന്നെ ജയിച്ചു. ഭരണഘടനാപരമായി അനുവദനീയമായ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2002 ൽ മോയി സ്ഥാനമൊഴിഞ്ഞു. 1950ൽ ലീന ബൊമ്മറ്റിനെ വിവാഹം കഴിച്ചെങ്കിലും ഇവർ 1974ൽ വേർപിരിഞ്ഞു. രാഷ്ട്രീയപ്രവർത്തകനായ ഗിഡിയോൻ മോയി, ജെനിഫർ, ജോനാതൻ, ഫിലിപ്പ് മോയി, ജൂൺ മോയി, ജോൺ മാർക്ക് മോയി, റെയ്മൊൻഡ് മോയി, ഡോറിസ് മോയി എന്നിവർ മക്കളാണ്.