ആലപ്പുഴ: ഒരാഴ്ചയ്ക്കിടെ പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ അഞ്ച് മൂർഖൻ പാമ്പുകളെ. ആലപ്പുഴ പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനി നിവാസികൾ ഏറെ ഭയത്തിലാണ്. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്പിനെ പിടിക്കാൻ വീടുകൾക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് ഇവർ.
പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതർ നടപടി തുടങ്ങിയിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കോളനിക്കു ചുറ്റും പുല്ലുകൾ വളർന്നു കാടായി മാറിയതും തോടുകളിൽ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണം. പഞ്ചായത്ത് റോഡ് നിർമാണം തുടങ്ങിയത് പൂർത്തിയാക്കാത്തതിനാൽ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകൾ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത ഏറെയാണ്.