nirbhaya

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. പ്രതികളുടെ വധശിക്ഷ വെവ്വേറേ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡ‍ൽഹി സർക്കാരും ഇതേ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് സുരേഷ് കെയ്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും പുനഃപരിശോധനാ ഹർജികൾ മനഃപൂർവം വൈകിപ്പിച്ചുകൊണ്ട് അവർ രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് അഭിഭാഷകൻ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിച്ചിരുന്നു.