കൂത്തുപറമ്പ്: സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറിൽ വലതുകാൽ ചിതറിത്തെറിച്ച് ചോരയിൽ കുളിച്ചുകിടന്ന പത്തുവയസുകാരിയെ ഓർമ്മയില്ലേ?. 20 വർഷം മുമ്പ് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനിരയായി നാടിന്റെ നൊമ്പരപ്പൂവായി മാറിയ അസ്ന.
വർഷങ്ങൾക്കിപ്പുറം, കൃത്രിമകാലിൽ ചുവടുറപ്പിച്ച് അതിജീവനത്തിന്റെ ഉയരങ്ങൾ കീഴടക്കി 'ഡോ. അസ്നയായി" നിറചിരിയോടെ അവൾ നിൽക്കുകയാണ്. നാടിന്റെ അഭിമാനമായി...
ഇന്നലെ സ്വന്തം നാടായ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ഡോക്ടറായി ചുമതലയേറ്റപ്പോൾ അസ്നയുടെ മുഖത്ത് തെളിഞ്ഞത് അക്രമ രാഷ്ട്രീയത്തിനെ നിലംപരിശാക്കിയ ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും നിറവ്.
അച്ഛൻ കെ.നാണുവിനും അനുജൻ ആനന്ദിനുമൊപ്പം രാവിലെ 9 ഓടെയാണ് ഡോ. അസ്ന പി.എച്ച്.സിയിൽ ജോയിൻ ചെയ്തത്. സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ നാട്ടുകാർ ഉൾപ്പെടെ നിരവധിപ്പേരെത്തിയിരുന്നു.
ആശുപത്രിയിലെ ജീവനക്കാർ അസ്നയെ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് പാട്യം പഞ്ചായത്ത് അധികൃതർ നിയമന ഉത്തരവിറക്കിയത്. പി.എച്ച്.സിയിൽ മൂന്ന് ഡോക്ടർമാരുടെ ഒഴിവുള്ളതിനാൽ രോഗികൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതിനിടെയാണ് നാട്ടുകാരി തന്നെ ഡോക്ടറായെത്തിയത്.
'നാടിന്റെ സ്വന്തം ഡോക്ടർ'
2000 സെപ്തംബർ 27ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ആർ.എസ്.എസ് പ്രവർത്തകരുടെ ബോംബേറിലാണ്, അസ്നയുടെ കാൽ നഷ്ടമായത്. പൂവത്തൂർ ന്യൂ എൽ.പി സ്കൂൾ മുറ്റത്ത് അസ്നയ്ക്കൊപ്പം കളിക്കുകയായിരുന്ന സഹോദരൻ ആനന്ദിനും അമ്മ ശാന്തയ്ക്കും ബോംബേറിൽ സാരമായി പരിക്കേറ്റിരുന്നു. കേസിൽ 14 ബി.ജെ.പി പ്രവർത്തകരെ കോടതി ശിക്ഷിച്ചു.
ആറാം ക്ലാസ് മുതൽ കൃത്രിമകാലിനൊപ്പമായി യാത്ര.
എസ്.എസ്.എൽ.സിക്കും ഹയർസെക്കൻഡറിക്കും മികച്ച വിജയം നേടി.
വേദനമാറ്റിയ ഡോക്ടർമാരോടുള്ള ഇഷ്ടം 2013ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടാനിടയാക്കി. നാലാം നിലയിലെ ക്ലാസ് റൂമിലെത്താൻ ബുദ്ധിമുട്ടിയപ്പോൾ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ 38 ലക്ഷം ചെലവിട്ട് ലിഫ്റ്റ് സ്ഥാപിച്ചു നൽകി. നാട്ടുകാരാണ് അസ്നയുടെ പഠന ചെലവ് വഹിച്ചത്.
വീടും നിർമ്മിച്ചു നൽകി.