corona-virus

ടോക്കിയോ: ജാപ്പനീസ് ആഡംബര കപ്പലായ ഡയമൻഡ് പ്രിൻസസിലെ പത്ത് യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കപ്പൽ ടോക്കിയോയിലെ യോകോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കപ്പലിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെ കപ്പലിൽനിന്നു മാറ്റിയിട്ടുണ്ട്. കപ്പലിലുള്ള 3,711 പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം കപ്പലിൽ യാത്ര ചെയ്ത ഹോങ്കോംഗിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്നാണ് കപ്പലിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 272 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയതെന്നും 31 പേരുടെ ഫലം ലഭിച്ചതിൽ 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബ് കറ്റോ അറിയിച്ചു. കപ്പലിലുള്ള ബാക്കിയുള്ളവരെയെല്ലാം 14 ദിവസം നിരീക്ഷണത്തിലാക്കുമെന്നും അതിനു ശേഷമേ പോകാൻ അനുവദിക്കൂവെന്നും കറ്റോ പറഞ്ഞു.

കപ്പലിലുള്ള പകുതിയിലേറേ പേരും ജാപ്പനീസ് പൗരന്മാരാണെന്നും മറ്റുള്ളവരുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്നും കപ്പലിന്റെ ഓപ്പറേറ്റർ പറഞ്ഞു. കപ്പലിന്റെ അടുത്ത രണ്ടാഴ്ചത്തെ യാത്രകൾ റദ്ദാക്കിയതായും കപ്പിലിലേക്ക് വേണ്ട അവശ്യവസ്തുക്കൾ എത്തിക്കുമെന്നും ഉടമസ്ഥരായ കാർണിവൽ കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കപ്പലിൽ ഉള്ളവർ ഉൾപ്പെടെ ജപ്പാനിൽ ഇതുവരെ 23 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടമായ ചൈനയിലെ വുഹാനിൽനിന്ന് എത്തിയവർക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ചൈനയിൽ പോകാതെ, രോഗബാധിതനുമായി ബന്ധം പുലർത്തിയ രണ്ടു പേർക്കും ജപ്പാനിൽ രോഗം വന്നിട്ടുണ്ട്. വുഹാനിൽ‌നിന്ന് ഏകദേശം 500 പൗരന്മാരെ ജപ്പാൻ നാട്ടിൽ തിരികെ എത്തിച്ചിരുന്നു. അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി.