ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌ക്ക് ആദായനികുതി കുരുക്ക്. ആരാധകരുടെ ഇളയ ദളപതിയായ വിജയ്‌യെ പുതിയ ചിത്രമായ മാസ്റ്ററുടെ നെയ്‌വേലിയിലെ ഷൂട്ടിംഗ് സ്ഥലത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിജയ്‌യെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ചെന്നൈ വടപളനിയിലെ നീലാങ്കരൈയിലും സാലിഗ്രാമത്തിലുമുള്ള വിജയ്‌യുടെ രണ്ടു വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. താരത്തെ രാത്രിയോടെ ചെന്നൈ കുന്നംപാക്കത്തെ ആദായനികുതി വകുപ്പ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ബിഗിലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
തമിഴ് വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ എ.ജി.എസ് സിനിമാസ് ആണ് ബിഗിലന്റെ നിർമ്മാതാക്കൾ. 180 കോടി രൂപ മുതൽമുടക്കള്ള ചിത്രത്തിലെ അഭിനയത്തിന് വിജയ് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചും ചിത്രത്തിന്റെ ലാഭവിഹിതം വിജയ്‌ക്കു ലഭിച്ചോ എന്നതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. എ.ജി.എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ചെന്നൈയിൽ വിവിധ സ്ഥലങ്ങളിലായുള്ള ഇരുപത് ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെത്തന്നെ റെയ്ഡും നടത്തി. ചലച്ചിത്ര നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന മധുരയിലെ അൻപു ചെഴിയനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം.
കൂടല്ലൂർ ജില്ലയിൽ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷന്റെ സ്ഥലത്താണ് വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്ററുടെ ഷൂട്ടിംഗ്. എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളിലെ റെയ്ഡുകൾക്കു ശേഷമാണ് ഉദ്യോഗസ്ഥർ വിജയ്‌യെ ചോദ്യം ചെയ്യാൻ നെയ്‌വേലിക്കു തിരിച്ചത്. ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥർ താരത്തിന് നോട്ടീസ് നൽകുകയായിരുന്നു. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തന്നെ വിജയ്‌യെ ചോദ്യം ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതോടെ നിറുത്തിവച്ചു.
2017ൽ ഇറങ്ങിയ വിജയ് ചിത്രമായ മെർസലിൽ ജി.എസ്.ടി, ഡിജിറ്റൽ ഇന്ത്യ കാമ്പെയിൻ പദ്ധതികളെ വിമർശിച്ചിരുന്നു. ഇതേ തുടർന്ന്, തമിഴ്നാട്ടിലെ ബി.ജെ.പി ഘടകം ചലച്ചിത്രത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചതിലുള്ള പകപോക്കലാണ് ആദായനികുതി അന്വേഷണത്തിനു പിന്നിലെന്നാണ് ആരാധകരുടെ ആക്ഷേപം.