പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു
അഞ്ചൽ/ഏരൂർ: അഞ്ചലിൽ കോഴിക്കടയിൽ പണിയെടുത്തിരുന്ന അന്യ സംസ്ഥാനക്കാരനെ സഹതൊഴിലാളിയായ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. അസാം സ്വദേശി ജലാലുദീനാണ് (20) കൊല്ലപ്പെട്ടത്. കുറ്റകൃത്യം ചെയ്ത അസാം സ്വദേശിയും ബന്ധുവുമായ അബ്ദുൽ അലിയാണ് (19) കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വെളുപ്പിന് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ചൽ ചന്തമുക്കിന് സമീപം പ്രവർത്തിക്കുന്ന അറഫാ ഹലാൽ ചിക്കൻ എന്ന കടയിലെ തൊഴിലാളികളാണ് ഇവർ. കോഴിക്കടയുടെ തൊട്ടടുത്ത് തന്നെയുള്ള മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താമസം. ഉടമയായ അലിയാരുടെ തന്നെ മറ്റൊരു കടയിലെ രണ്ട് തൊഴിലാളികളും ഇവരോടൊപ്പം ഇതേ മുറിയിലാണ് താമസം. ബഹളവും നിലവിളിയും കേട്ട് ഇവർ ഉണർന്നപ്പോൾ ജലാലുദീൻ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത് ഇറച്ചിവെട്ടുന്ന കത്തിയുമായി അബ്ദുൽ അലി നില്‍ക്കുകയായിരുന്നു. അയാൾ കത്തിയുമായി മറ്റ് രണ്ടുപേർക്കു നേരെ തിരിഞ്ഞു. അവർ ഭയന്ന് പുറത്തേക്കോടി. കട ഉടമയായ അലിയാരെ വിവരം അറിയിച്ചു. അതിനിടെയാണ് പ്രതി മുറിയിലെ ഗ്രില്ല് പൂട്ടിയശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അലിയാർ അറിയിച്ചതനുസരിച്ച് അഞ്ചൽ സി.ഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോൾ അബ്ദുൽ അലി മുറിയുടെ ഗ്രിൽ പൂട്ടി കത്തിയുമായി ഉള്ളിൽ ഇരിക്കുകയായിരുന്നു. പല പ്രവശ്യം ആവശ്യപ്പെട്ടിട്ടും ഗ്രിൽ തുറക്കാൻ കൂട്ടാക്കിയില്ല. പൊലീസ് പൂട്ട് തകർത്ത് കയറി അബ്ദുൽ അലിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജലാലുദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊലയ്ക്കു പിന്നിൽ
മൊബൈലിൽ സംസാരിക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. പ്രതി അബ്ദുൽ അലി മിക്കപ്പോഴും മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണെന്നാണ് കൂടെയുള്ളവർ പറയുന്നത്. കൊട്ടാരക്കര റൂറൽ എസ്.പി ഹരിശങ്കർ, പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസ് എന്നിവരെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. സി.സി.ടി.വിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.