swara-bhasker

തിരുവനന്തപുരം: ചാലക്കുടി എം.പി ബെന്നി ബെഹനാനെ അഭിനന്ദിച്ച് നടി സ്വര ഭാസ്കർ. ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉയർത്തിയ ചോദ്യത്തിനാണ് നടി അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡൽഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സർക്കാരിനെ കൊണ്ടുപറയിച്ചതിൽ ഏറെ അഭിനന്ദനം അർഹിക്കുന്നു- സ്വര ട്വിറ്ററിൽ കുറിച്ചു.

ഇതുവരെ കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാർലമെന്റിനെ അറിയിച്ചത്. കേരളത്തിൽ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നൽകിയത്. ഈ വിഷയത്തിൽ ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച് നേരത്തെ സ്വര ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എം.പിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ താരത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് തെറ്റ് ചൂണ്ടിക്കാട്ടി സ്വര രംഗത്തെത്തുകയായിരുന്നു.

കേന്ദ്ര ഏജൻസികളൊന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. എന്നാൽ രണ്ട് മിശ്രവിവാഹങ്ങൾ എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെന്നുണ്ട്. ലൗ ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷായും പാർലമെന്റിൽ വ്യക്തമാക്കി.