ന്യൂഡൽഹി: ബുർഖയ്ക്കുള്ളിൽ ഒളികാമറവച്ച് ഷഹീൻബാഗിലെ പ്രക്ഷോഭ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവതിയെ സമരക്കാർ പിടികൂടി. യൂട്യൂബറായ ഗുഞ്ച കപൂർ എന്ന യുവതിയെയാണ് ഇന്നലെ രാവിലെ സമരക്കാർ പിടികൂടിയത്. ബുർഖ ധരിച്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കിടയിലേക്ക് ചെന്ന ഗുഞ്ചയുടെ ചോദ്യങ്ങളിൽ അസ്വഭാവികത തോന്നിയ സ്ത്രീകൾ ബുർഖ പരിശോധിച്ചപ്പോഴാണ് ഒളികാമറ കണ്ടെത്തിയത്. ഗുഞ്ചയെ പിടികൂടിയതോടെ സമരപ്പന്തലിൽ സംഘർഷാവസ്ഥ ഉണ്ടായി. തുടർന്ന് പൊലീസെത്തി ഇവരെ സ്ഥലത്ത് നിന്ന് മാറ്റി.'റൈറ്റ് നരേറ്റീവ്' എന്ന യൂട്യൂബ് ചാനലിന്റെ പ്രവർത്തകയാണ് ഗുഞ്ച കപൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, തേജസ്വി സൂര്യ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കളാണ് ഇവരുടെ ചാനൽ ട്വിറ്ററിൽ പിന്തുടരുന്നത്. കഴിഞ്ഞയാഴ്ച ഷഹീൻബാഗിൽ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആകാശത്തേക്ക് വെടിവച്ചതിന് കപിൽ ഗുജ്ജർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം കർശനമായ നിരീക്ഷണമാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.