vijay-

ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റ‌ഡിയിലെടുത്ത തമിഴ് നടൻ വിജയ്‌യിനെ ചെന്നൈയിലെ വീട്ടിലെത്തിച്ചു.. പനയൂരിലെ വിജയ്‌യുടെ വീട്ടിലെത്തിച്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയാണ്.. രേഖകൾ പരിശോധിക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കടലൂരിൽ ഒരു സിനിമാ ചിത്രീകരണ സെറ്റിൽ വച്ചാണ് നടനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. വിജയിയുടെ 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളാണ് എ.ജി.എസ്.ഫിലിംസ്. 'മാസ്റ്റർ' എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.

ബിഗിൽ സിനിമയുടെ നിർമാണ കമ്പനി ഓഫിസിൽ‌ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അൻപിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. മുൻപ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെർസൽ' എന്ന സിനിമയിൽ വിജയിയുടെ കഥാപാത്രം വിമർശിച്ചത് വൻ വിവാദത്തിലേക്ക് നയിച്ചിരുന്നു.