sabarimala

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പന് ചാർത്തുന്ന തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച സുപ്രിംകോടതിയുടെ നിർദ്ദേശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി ആവശ്യപ്പെട്ടാൽ തിരുവാഭരണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കടകംപള്ളി പറഞ്ഞു. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനം. സുപ്രീം കോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കിൽ പൂർണ സുരക്ഷ നല്‍കും. ദേവസ്വം ബോർഡുമായി ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന തിരുവാഭരണങ്ങൾ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി രംഗത്തുവന്നിരുന്നു. തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

തിരുവാഭരണങ്ങൾ ദൈവത്തിന് സമർപ്പിച്ചതാണെന്നും ഇതിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എൻ.വി. രമണ ആവശ്യപ്പെട്ടു.

പന്തളം കൊട്ടാരത്തിൽ തർക്കം രൂക്ഷമാണെന്നും സംസ്ഥാന സർക്കാരിന് തിരുവാഭരണങ്ങൾ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിർദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോർഡിനോട് ചോദിച്ചു.

തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവർമ്മ ക്ഷേത്രഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലെ കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റ് കാര്യങ്ങളെന്നും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.