പുനലൂർ: ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിക്കുകയും അദാലത്തിൽ പണം അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പുനലൂർ പ്ലാത്തറ മുത്തുകുഴി പുത്തൻ വീട്ടിൽ അജയകുമാറാണ് (52) വീട്ടിൽ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ചത്. വിളക്കുവെട്ടം എസ്. എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി എസ്.കുമാറിന്റെ സഹോദരനാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷം മുമ്പ് ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ പ്രവാസിക്കാണ് ഈ ദുര്യോഗം നേരിട്ടത്.
ചൊവ്വാഴ്ച ബാങ്കിലെ അദാലത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയശേഷം രാത്രി 7മണിയോടെയാണ് ജീവനൊടുക്കിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ മിനി കുമാരി കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മൂത്ത മകൾ അമിത വിവാഹിതയാണ്. ഇളയ മകൾ അഞ്ജു ബംഗളരൂവിൽ വിദ്യാർത്ഥിനിയാണ്. എല്ലാ ദിവസവും വൈകുന്നേരം അജയകുമാർ പുനലൂരിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. ചൊവ്വാഴ്ച ഭർത്താവ് എത്താതിരുന്നതിനെ തുടർന്ന് ഓട്ടോ റിക്ഷയിൽ വീട്ടിലെത്തിയ മിനി കുമാരി കാണുന്നത് ഭർത്താവ് തൂങ്ങിനിൽക്കുന്നതാണ്.
2016ൽ ഗൾഫിൽ ജോലിയിലിരിക്കേ അവധിക്കെത്തിയ അജയകുമാർ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് വസ്തു ഈട് നൽകി നാല് ലക്ഷം രൂപ വായ്പ എടുത്ത് വീട് നിർമ്മിച്ചിരുന്നു. എന്നാൽ, ഹൃദയ സംബന്ധമായ അസുഖം ഉണ്ടായതോടെ ഗൾഫിലെ ജോലി ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അതിനുശേഷം മോട്ടോർ വർക്ക് ഷോപ്പുകളിൽ ജോലി ചെയ്താണ് കുടുംബം പോറ്റിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി.
3,56000 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നും ജപ്തി ചെയ്യുമെന്നും കാട്ടി 2019 നവംബർ 28ന് ബാങ്ക് അധികൃതർ വീട്ടിൽ നോട്ടീസ് പതിച്ചു. നേരത്തെ പണം തിരിച്ചടയ്ക്കാൻ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
വസ്തു ഉടൻ ലേലം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചതിനെ തുടർന്ന് അജയകുമാർ അങ്കലാപ്പിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച ബാങ്ക് നടത്തിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിൽ പങ്കെടുത്ത അജയകുമാറിനോട് വായ്പാ തുക അടയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ മാസം 25നകം ഒന്നര ലക്ഷം രൂപ അടയ്ക്കാം എന്ന് ഉറപ്പ് നൽകിയാണ് അജയകുമാർ മടങ്ങിയത്. പുനലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അതേസമയം, മാർച്ച് 31വരെ സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബാങ്ക് ജപ്തി നടപടികൾ നിറുത്തി വച്ചിരിക്കുകയാണെന്ന് ബാങ്ക് സെക്രട്ടറി ഷാജികുമാർ അറിയിച്ചു.വായ്പാ കുടിശ്ശിക വരുത്തുന്നവർക്ക് സാധാരണ അയയ്ക്കാറുള്ള നോട്ടീസ് മാത്രമാണ് അയച്ചതെന്നും അദ്ദേഹം അറിയിച്ചു.