നെയ്യാറ്റിൻകര: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ നിരവധി സ്ത്രീ തീർത്ഥാടകർ അർബുദ രോഗികൾക്കായി മുടി മുറിച്ച് നൽകി മാതൃകയായി. അടുത്തയാഴ്ച ആരംഭിക്കുന്ന തീർത്ഥാടനത്തിന്റെ ഭാഗമായാണ് തൃശൂർ അമല കാൻസർ സെന്ററുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചത്. 3 മാസം മുമ്പ് പേര് രജിസ്റ്റർ ചെയ്തവർക്കാണ് മുടി ദാനം ചെയ്യാനുളള അവസരം ലഭിച്ചത്. 4 വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽകോളേജിന്റെ സഹകരണത്തോടെ ആരംഭിച്ച രക്തദാന നേർച്ച പദ്ധതി എല്ലാ മാസവും പളളിയിൽ നടന്ന് വരികയാണ്. ഇടവക വികാരി ഫാ.ജോയി മത്യാസ്, മുൻ എം.എൽ.എ ആർ.സെൽവരാജ്, കെ.എൽ.സി.ഡബ്ല്യൂ.എ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആന്റിൽസ്, ഫാ.അജി അലോഷ്യസ്, സഹവികാരി പ്രദീപാ ആന്റോ, കൗൺസിൽ സെക്രട്ടറി ആനന്ദകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.