തൊടുപുഴ: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബി.ജെ.പി സംഘടിപ്പിച്ച യോഗത്തിനെതിരെ പ്രതിഷേധവുമായി കടയടച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇത് പല സ്ഥലങ്ങളിലും തുടർന്നതോടെ ചിലയിടങ്ങളിൽ സംഘർഷങ്ങളും നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി യോഗം നടത്തുന്ന സമയത്ത് കടകൾ അടച്ചിടരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികൾക്ക് നോട്ടീസ് നൽകി. തൊടുപുഴ കരിമണ്ണൂരിലാണ് പൊലീസ് നോട്ടീസ് നൽകിയത്.
അനുമതിയില്ലാതെ കടകൾ അടച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിൽ കടകൾ അടച്ച് പ്രതിഷേധിക്കുന്നത് വർഗീയ ചേരിതിരിവുണ്ടാക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും നോട്ടീസിൽ പറയുന്നു. കരിമണ്ണൂരിൽ ബുധനാഴ്ച വൈകിട്ടോടെയാണ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി യോഗം നടക്കുന്നിടങ്ങളിൽ ആളുകൾ കടയടച്ച് പ്രതിഷേധിക്കുന്ന രീതി പലയിടത്തും കണ്ടുവരുന്നതിനെ തുടർന്നാണ് വ്യാപാരികൾക്ക് പോലീസിന്റെ നിർദേശം.
കടകൾ അടച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ജില്ലയിലെ തൂക്കൂപാലം പോലെ ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടായെന്നും ഇത്തരത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം ചിലർ ചോദ്യം ചെയ്ത് രംഗത്തെത്തിയോടെ എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകിയില്ലെന്നും ചിലർക്ക് മാത്രമേ നൽകിയിട്ടുള്ളൂ എന്നും പറഞ്ഞ് പൊലീസ് തടിതപ്പുകയായിരുന്നു