nirbhaya-

ന്യൂഡൽഹി : ഡൽഹി നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളി. പ്രതി അക്ഷയ് താക്കൂർ നൽകിയ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയത്. നേരത്തെ ഇയാളുടെ പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചത്.

കേസിലെ മറ്റ് പ്രതികളായ വിനയ് ശ‍ർമ്മ, മുകേഷ് സിംഗ് എന്നിവരുടെ ദയാഹർജികളും രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹർജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം.

അതേസമയം നിർഭയ കേസിൽ വധശിക്ഷ ഒന്നിച്ചുമാത്രമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‌ർജി കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്റെ നടപടി.

പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് ഇന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു..