തിരുവനന്തപുരം: മാലിന്യങ്ങളും കുളവാഴയും നിറഞ്ഞ് ഒഴുക്ക് നിലച്ച പാർവതി പുത്തനാറിനെ ശുചീകരിക്കാനുള്ള മൂന്നാംഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വൃത്തിയാക്കുംതോറും മാലിന്യങ്ങൾ വീണ്ടും സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ ജനകീയപങ്കാളിത്തത്തോടെ കർമ സേനയെ രൂപീകരിക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. കർമ സേനയുടെ നേതൃത്വത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ ചെറുക്കും.
കൂടാതെ പ്രദേശവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
2018 ജൂണിലാണ് മാലിന്യവാഹിനിയായി ഒഴുകിയിരുന്ന പാർവതി പുത്തനാറിനെ ശുചീകരിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. കോവളം-കാസർകോട് ജലപാത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച പ്രത്യേക ദൗത്യകമ്പനിയായ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നടത്തിപ്പ് ചുമതല.
പദ്ധതിയുടെ ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണം പൂർത്തിയാക്കി. വിദേശത്ത് നിന്നെത്തിച്ച സിൽറ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെ കുളവാഴയും ചെളിയും ഒക്കെ നീക്കി. ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്തു. എന്നാൽ വീണ്ടും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് ആക്കുളം മുതൽ വള്ളക്കടവ് വരെ വീണ്ടും ശുചീകരിക്കേണ്ടി വന്നു.
1.3 കോടി രൂപയാണ് രണ്ടുതവണയായി ശുചീകരണത്തിനായി ചെലവാക്കിയത്. ബോട്ട് ഗതാഗതത്തെ തടസപ്പെടുത്തുന്ന നിലയിൽ സ്ഥിതി ചെയ്യുന്ന കരിക്കകം, പുത്തൻപാലം, പനത്തുറ പാലങ്ങൾ ഉയരം കൂട്ടി നിർമിക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ പുരോഗമിക്കുകയാണ്. സെപ്തംബറിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കും.
പാർവതി പുത്തനാർ
തിരുവനന്തപുരത്തെ വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ. 1824ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ബായിയാണ് ഈ ചാൽ നിർമ്മിച്ചത്. പൂന്തുറയിലും വേളിയിലുമായി ജലപാത സമുദ്രത്തിലേക്ക് തുറക്കുന്നതിനാൽ പ്രകൃത്യായുള്ള ശുചീകരണം സാദ്ധ്യമായിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ രൂപംകൊണ്ട് ഈ ഭാഗം അടഞ്ഞു.
ചെലവ് 66.84 കോടി രൂപ
പാർവതി പുത്തനാർ ശുചീകരിക്കാനുള്ള വിശദമായ പദ്ധതി രൂപരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. 66.84 കോടി രൂപയുടെ പുതിയ പദ്ധതി രൂപരേഖ ഇക്കഴിഞ്ഞ ജനുവരി 18 നാണ് കിഫ്ബിക്ക് സമർപ്പിച്ചത്.
മാലിന്യം നീക്കൽ, ആഴം കൂട്ടൽ, തീര സംരക്ഷണം, മാലിന്യം തള്ളുന്നത് തടയാനുള്ള വേലികൾ, തീരത്തെ വീടുകളിൽ കക്കൂസ് നിർമാണം, ഖര മാലിന്യ സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്, ജെട്ടികളുടെ നിർമാണം, സൗന്ദര്യവത്കരണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
മാലിന്യങ്ങൾ തള്ളുന്നത് അവസാനിപ്പിക്കാൻ പ്രദേശവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. - മന്ത്രി കടകംപള്ളി സുരേന്ദ്രൻ