തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയിലെ നവീകരണത്തിന് പിന്നാലെയുണ്ടായ പൈപ്പ് ചോർച്ച പരിഹരിച്ചിട്ടും നഗരത്തിൽ ജലവിതരണം പൂർവസ്ഥിതിയിലായില്ല. കുമ്മി ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്തെ റോഡിലുള്ള കാസ്റ്റ് അയൺ പൈപ്പിലെ ജോയിന്റിലെ ചോർച്ച പരിഹരിച്ച് ചൊവ്വാഴ്ച രാത്രി 7.30ന് പമ്പിംഗ് തുടങ്ങിയെങ്കിലും നഗരത്തിൽ എല്ലായിടത്തും വെള്ളമെത്താൻ വൈകി. ഇന്നലെ പുലർച്ചെ താഴ്ന്ന പ്രദേശങ്ങളിലും രാത്രി 12ന് ഉയർന്ന പ്രദേശങ്ങളിലും വെള്ളമെത്തിയെങ്കിലും ശക്തി കുറവായിരുന്നു.
രണ്ടാം ദിവസവും ആവശ്യത്തിന് വെള്ളമില്ലാതെ വിദ്യാർത്ഥികളടക്കമുള്ളവർ ബുദ്ധിമുട്ടിലായി. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടത്തിലായി. വിതരണം പെട്ടെന്ന് നിലച്ചതിനാൽ വെള്ളം ശേഖരിക്കാനും കഴിഞ്ഞിരുന്നില്ല. പമ്പിംഗ് പൂർണമായി നിറുത്തിയാണ് പൈപ്പിലെ അറ്റകുറ്റപ്പണി നടത്തിയത്. മണിക്കൂറുകളോളം വെള്ളമില്ലാതെ വന്നതോടെ മർദ്ദവ്യത്യാസവുമുണ്ടായി. ഇത് പൂർവസ്ഥിതിയിലായാലേ ശക്തമായി വെള്ളം പമ്പ് ചെയ്യാനൂ. ഇന്ന് രാവിലെയോടെ ഉയർന്ന പ്രദേശങ്ങളിലേതടക്കം ജലവിതരണം പഴയതുപോലെയാകുമെന്നാണ് കരുതുന്നത്.
അധികം ലഭിക്കുക 10 ദശലക്ഷം ലിറ്റർ
86 എം.എൽ.ഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതം ശേഷിയുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണ് വാട്ടർ അതോറിട്ടിക്ക് അരുവിക്കരയിലുള്ളത്. ഇവയുടെ നവീകരണമാണ് ഡിസംബർ മുതൽ നാല് ഘട്ടങ്ങളായി നടന്നത്. തേയ്മാനം കാരണം 20 വർഷം പഴക്കമുള്ള പമ്പുകളുടെ ശേഷി കുറഞ്ഞതിനാൽ നഗരത്തിലേക്കുള്ള ജലവിതരണം പലപ്പോഴും കുറവുണ്ടായിരുന്നു. ഇതേത്തുടർന്ന് അസംസ്കൃതജല, ശുദ്ധജല പമ്പ് ഹൗസുകളിൽ 631 ബി.എച്ച്.പി. 770 ബി.എച്ച്.പി വീതം ശേഷിയുള്ള രണ്ട് പുതിയ പമ്പുകൾ സ്ഥാപിച്ചു. ഇവ കേടായാൽ പകരത്തിനുള്ള രണ്ട് പമ്പുകളും സ്ഥാപിച്ചു. നവീകരണം പൂർത്തിയായതോടെ 10 ദശലക്ഷം ലിറ്റർ വെള്ളം അധികമായി നഗരവാസികൾക്ക് ലഭിക്കുമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. എന്നാൽ പ്ലാന്റുകളുടെ ശേഷി കൂട്ടാതെ വെള്ളത്തിന്റെ അളവ് എങ്ങനെ കൂടുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണശാല മാർച്ചിൽ കമ്മിഷൻ ചെയ്യുന്നതോടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.- വാട്ടർ അതോറിട്ടി