തിരുവനന്തപുരം: ജാതിയതയെയും അപകടകരമായ സാന്മാർഗികതയെയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകൾ പറയുന്ന ചലച്ചിത്ര സമാഹാരമായ 'വിശുദ്ധരാത്രികൾ' തിയേറ്ററുകളിലെത്തുന്നു. ഇതിന്റെ ഭാഗമായി 10ന് വൈകിട്ട് 7ന് ഏരീസ് പ്ളക്സ് എസ്.എൽ തിയേറ്ററിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമാക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കുമായി പ്രിവ്യൂ ഷോ ഒരുക്കിയിട്ടുണ്ട്. അഞ്ച് രാത്രികളിലായി സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.സുനിൽ പറഞ്ഞു. മലയാള സിനിമാ- നാടകമേഖലയിലെ കലാകാരൻമാർക്ക് പുറമേ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കൾ, നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ പ്രിയങ്ക പഥക്, കണ്ണനുണ്ണി, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ഡ്രാമ അസോസിയേറ്റ് പ്രൊഫസറായ ഡോ.ഷിബു എസ്. കൊട്ടാരം, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ശരത് സഭ, ശ്രീജയ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.
ട്രാൻസ് ജെൻഡറുകളുടെ ജീവിതം പറയുന്ന കഥയിൽ ശീതൾ ശ്യാം, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ക്യാമറമാൻ സണ്ണി ജോസഫാണ് ഈ സിനിമയ്ക്കും കാമറ കൈകാര്യം ചെയ്യുന്നത്. ഫിലിം നൊമാഡ്സ്, പോത്തുട്ടൻസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ രാജേഷ് കാഞ്ഞിരക്കാടൻ, ലതീഷ് കൃഷണൻ, ജയസൺ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം വാഗമൺ, തൊടുപുഴ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.