തിരുവനന്തപുരം: പേരൂർക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഫ്ളൈഓവർ ഉടൻ യാഥാർത്ഥ്യമാകും. കിഫ്ബി ഫണ്ടിൽ നിന്ന് 149 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് അമ്പലമുക്കിൽ നിന്നും തുടങ്ങി നെടുമങ്ങാട് ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പ് വരെ നിർമ്മിക്കുന്ന ഫ്ളൈഓവറിന്റെ അലൈൻമെന്റ് അടക്കമുള്ളവ ഉടൻ തയ്യാറാകും ഇതിലൂടെ യാത്രക്കാർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. ഫ്ലൈഓവർ പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുകയാണ് അടുത്ത ഘട്ടം.
എത്ര സ്ഥലം ആവശ്യമായി വരുമെന്നതിനെക്കുറിച്ച് പഠനത്തിന് ശേഷം മാത്രമേ മനസിലാകൂ. തുടർന്ന് സ്ഥലം ഏറ്റെടുക്കും. ഡി.പി.ആർ തയ്യാറാക്കാനും സാങ്കേതികാനുമതിക്കുമായി അഞ്ചുമാസത്തെ കാത്തിരിപ്പ് വേണ്ടിവരും. അതിന് ശേഷം നിർമ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വളവുകൾ നിവർത്തിയെടുക്കാതെ നാലുവരിപ്പാത നിർമ്മിച്ചതാണ് നിലവിൽ പേരൂർക്കട മുതൽ അമ്പലമുക്ക് വരെയുള്ള ഗതാഗതക്കുരുക്കിന് കാരണം. അന്ന് റോഡിനിരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഒടുവിൽ വളഞ്ഞും പുളഞ്ഞും നാലുവരിപ്പാത നിർമ്മിക്കാൻ കാരണമായത്. അടുത്തടുത്ത വളവുകളും വീതി കുറവും വാഹനങ്ങളുടെ ആധിക്യവും ഇതുവഴി പോകുന്ന യാത്രക്കാർക്ക് പരീക്ഷണമാണ്.
രാവിലെയും വൈകിട്ടും നെടുമങ്ങാട് - തിരുവനന്തപുരം റൂട്ടിൽ വാഹനങ്ങൾ വഴയില മുതൽ അമ്പലമുക്ക് വരെ ഇഴഞ്ഞാണ് നീങ്ങുന്നത്. സ്കൂൾ - ഓഫീസ് സമയങ്ങളിൽ പൊലീസിന് പോലും നിയന്ത്രിക്കാനാവാത്ത തിരക്കാണിവിടെ. ഓവർബ്രിഡ്ജ് വരുന്നതോടെ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പേരൂർക്കട ജംഗ്ഷനിലെ കുരുക്കിൽപ്പെടാതെ ഫ്ലൈഓവറിലൂടെ പോകാനാകും. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് ഭാഗത്തേക്ക് പോകുന്നവർക്ക് നിലവിലെ റോഡിലൂടെ കുരുക്കിൽപ്പെടാതെ സഞ്ചരിക്കാനുമാകും.
സ്ഥലമേറ്റെടുക്കൽ വെല്ലുവിളി
ഫ്ളൈഓവറിന്റെ രണ്ടറ്റങ്ങളിൽ ഇരുവശത്തേക്കുമുള്ള സർവീസ് റോഡുകൾ കൂടി നിർമ്മിക്കേണ്ടി വരുന്നതിനാൽ ഈ ഭാഗങ്ങളിൽ ഏറെ സ്ഥലമേറ്റെടുക്കണം. അമ്പലമുക്ക് ജംഗ്ഷനിലാണ് സ്ഥലമേറ്റെടുപ്പ് കൂടുതൽ വേണ്ടിവരിക. നെടുമങ്ങാട് ബസ് സ്റ്റോപ്പിന്റെ സമീപത്ത് വിശാലമായ സ്ഥലമുള്ളതിനാൽ അവിടെ സ്ഥലമെടുപ്പ് അത്ര ദുഷ്കരമാകില്ലെന്നാണ് കണക്കുകൂട്ടുന്നത്. അർജൻസി ക്ളോസിൽ ഉൾപ്പെടുത്തി പ്രത്യേക ഉത്തരവിറക്കിയാകും സ്ഥലം ഏറ്റെടുക്കുക. ഇതിനായി സ്പെഷ്യൽ തഹസിൽദാരെയും നിയമിക്കും. ഡി.പി.ആർ തയ്യാറായി വരുന്നതോടെ മറ്റെല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനാണ് ശ്രമം നടക്കുന്നത്.
തുക അനുവദിച്ചത് സ്ഥലമേറ്റെടുക്കലിനും നിർമ്മാണത്തിനും
അമ്പലമുക്ക് മുതൽ നെടുമങ്ങാട് ഭാഗത്തെ ബസ് സ്റ്റോപ്പ് വരെ
പേരൂർക്കടയിലെ 'നാലുവരി പത്മവ്യൂഹ"ത്തിന് വിരാമമാകും
ഫ്ളൈഓവറിന്റെ നീളം 1200 മീറ്റർ
പേരൂർക്കട നിവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഫണ്ടിന്റെ അപര്യാപ്തതയില്ലാതെ നിർമ്മാണപ്രവർത്തങ്ങൾ ഉടൻ ആരംഭിക്കാനാകും. സ്ഥലം ഏറ്റെടുക്കൽ സുഗമമാക്കുന്നതിനു വേണ്ടി എല്ലാവരുടെയും സഹകരണം ആവശ്യപ്പെടും. - വി.കെ. പ്രശാന്ത് എം.എൽ.എ