ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന് വിജയിയുടെ ചോദ്യം ചെയ്യല്‍ പതിനേഴാം മണിക്കൂറിലേക്ക്. താരത്തിന്റെ ചെന്നൈയിലെ വസതിയിലാണ് ചോദ്യം ചെയ്യലും പരിശോധനയും നടക്കുന്നത്. അര്‍ദ്ധരാത്രിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നിര്‍മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
അതേസമയം, ഇതുസംബന്ധിച്ച് പ്രതിഷേധിക്കുന്ന ആരാധകർ സംയമനം പാലിക്കണമെന്നു വിജയ് ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി. ആദായനികുതി വകുപ്പ് വിജയ്‍യെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു നിർദേശവുമായി ഫാൻസ് ആസോസിയേഷൻ രംഗത്തുവന്നത്. ട്വിറ്ററിലും മറ്റു സമൂഹമാദ്ധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായെത്തിയത്.
ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല. തമിഴ് വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ എ.ജി.എസ് സിനിമാസ് ആണ് ബിഗിലന്റെ നിർമ്മാതാക്കൾ. 180 കോടി രൂപ മുതൽമുടക്കള്ള ചിത്രത്തിലെ അഭിനയത്തിന് വിജയ് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചും ചിത്രത്തിന്റെ ലാഭവിഹിതം വിജയ്‌ക്കു ലഭിച്ചോ എന്നതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
എ.ജി.എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ചെന്നൈയിൽ വിവിധ സ്ഥലങ്ങളിലായുള്ള ഇരുപത് ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെത്തന്നെ റെയ്ഡും നടത്തി. ചലച്ചിത്ര നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന മധുരയിലെ അൻപു ചെഴിയനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം.