nigraham-3

​അഞ്ചാറടി ഏറ്റപ്പോഴേക്കും എതിരാളികൾ കരുത്തരാണെന്ന് സിദ്ധാർത്ഥിന് മനസ്സിലായി.

ഒരാൾ അവനെ ചവുട്ടി ഡ്രൈവർ സീറ്റിലേക്കു മറിച്ചു.

''മര്യാദയ്ക്കു പറഞ്ഞാൽ നിനക്ക് മനസ്സിലാകത്തില്ല അല്ലേടാ?"

പക്ഷേ, അവിടെ നിന്നു തിരഞ്ഞുയർന്ന സിദ്ധാർത്ഥിന്റെ കയ്യിൽ ഒരു ജാക്കി ലിവർ ഉണ്ടായിരുന്നു.

അത് വീശി അവൻ ആഞ്ഞടിച്ചു. തന്നെ ചവുട്ടിയവന്റെ കാൽമുട്ടിൽ.

''ഹാ..."

അലറിക്കൊണ്ട് അയാൾ കാൽമുട്ടിൽ കൈ അമർത്തി.

രണ്ടാമന്റെ തോൾപ്പലകയ്ക്കാണ് സിദ്ധാർത്ഥ് അടിച്ചത്.

''അയ്യോ..." അയാളും വേദനകൊണ്ടു പുളഞ്ഞു.

ജൂബ്ബ ധരിച്ചവൻ സിദ്ധാർത്ഥിന്റെ നേർക്കു വെട്ടിത്തിരിഞ്ഞു.

കാറിൽ നിന്നു മൊട്ടത്തലയൻ ഡ്രൈവറും ചാടിയിറങ്ങി:

അപ്പോഴാണ് അനേകം ഓട്ടോകളുടെ ശബ്ദം കേട്ടത്.

കാറിൽ വന്നവർക്ക് പെട്ടെന്ന് അപകടം ബോദ്ധ്യമായി.

''വാടാ..." ജൂബ്ബധാരി വേഗം കാറിൽ കയറി. പിന്നാലെ മറ്റുള്ളവരും.

അതിനിടെ മൊട്ടത്തലയൻ ഡ്രൈവർ ചീറി.

''നീയും അവളും കാതേൽനുള്ളിക്കോടാ. രണ്ടിനേം ഞങ്ങള് തീർക്കും. അവൾക്ക് പണം കൊള്ളയടിക്കാൻ നീയായിരുന്നു കൂട്ട്. അല്ലേ?"

പണം കൊള്ളയടിക്കുകയോ?

സിദ്ധാർത്ഥിന് ഒന്നും മനസ്സിലായില്ല.

മൊട്ടത്തലയൻ ഇന്നോവ സ്റ്റാർട്ടു ചെയ്തു. എന്നാൽ, അതിനകം ഓട്ടോകൾ അടുത്തെത്തിക്കഴിഞ്ഞു.

കോന്നിയിലെ സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളായിരുന്നു അവയിൽ.

ചെമ്പല്ലി സുരേഷ് പെട്ടെന്ന് ഇടതുഭാഗത്തുകൂടി തന്റെ ഓട്ടോ അപ്പുറം കടത്തി ഇന്നോവയ്ക്കു തടയിട്ടു.

റോഡിൽ കുറുകെ കിടന്നിരുന്നതിനാൽ ഇന്നോവ പിന്നോട്ടെടുക്കാനും കഴിയില്ലായിരുന്നു.

പിന്നിൽ റോഡിനോടു ചേർന്ന് താഴ്‌ന്ന ഭാഗമാണ്.

മീറ്റർചാണ്ടിയും വൈറസ് മാത്യുവും അടങ്ങുന്ന പത്തോളം ഡ്രൈവറന്മാർ ഓട്ടോയിൽ നിന്നു കുതിച്ചിറങ്ങി.

റോഡിൽ നടക്കുന്ന അടി അവർ കുറച്ച് അകലെവച്ചേ കണ്ടിരുന്നു.

''എന്താ സിദ്ധാർത്ഥ?"

ഒരാൾ തിരക്കി.

ഏതാനും വാക്കുകളിൽ അവൻ കാര്യം പറഞ്ഞു.

''ഓഹോ..." ഡ്രൈവർമാരുടെ സംഘം ഇന്നോവ വളഞ്ഞു.

''ഇങ്ങോട്ടെറങ്ങി വന്നേടാ. ഞങ്ങളും കൂടി വിശദമായി കാര്യങ്ങൾ ഒന്നറിയട്ടെ."

ചെമ്പല്ലി സുരേഷ് ഇന്നോവയുടെ ഡോർ ഹാന്റിലിൽ പിടിച്ചു.

എന്നാൽ, അതിനകം മൊട്ടത്തലയൻ ഡ്രൈവർ അത് ലോക്കു ചെയ്തിരുന്നു.

''മര്യാദയ്ക്ക് നീയൊക്കെ ഇറങ്ങിവരുന്നോ അതോ ഞങ്ങളീ വണ്ടി തല്ലിപ്പൊളിക്കണോ?"

വൈറസ് മാത്യു ചീറി.

അതിനകം റോഡിനിരുവശത്തുനിന്നും ചില വാഹനങ്ങൾ വന്നു.

റോഡ് ബ്ളോക്കായ കാരണം അവയും അവിടെ കിടന്നു.

കുറെ കാൽനടയാത്രക്കാരും പരിസരവാസികളും വന്നു.

ജനത്തിരക്കു കൂടുന്നത് അപകടമാണെന്ന തിരിച്ചറിവ് ഇന്നോവയിൽ വന്നവർക്ക് ഉണ്ടായി.

''എന്തുചെയ്യും. ഏതായാലും ഇവന്മാർക്കു പിടികൊടുത്താൽ കുഴയും. ഏതെങ്കിലും വണ്ടി ഇടിച്ചു കളഞ്ഞിട്ട് രക്ഷപെടാൻ നോക്കടാ."

ജൂബ്ബ ധരിച്ചവൻ ഡ്രൈവറോടു കൽപ്പിച്ചു.

''നടക്കത്തില്ല... നല്ല വേഗത്തിൽ വരികയായിരുന്നെങ്കിൽ കഴിഞ്ഞേനെ. ഇതങ്ങനെയല്ലല്ലോ... മാത്രമല്ല വണ്ടി തിരിക്കണ്ടേ?"

ഡ്രൈവർ നിസ്സഹായനായി.

ഇതിനകം പിന്നെയും ആള് കൂടി. സിദ്ധാർത്ഥ് കോന്നി സി.ഐയെ ഫോണിൽ വിളിച്ചു.

''എന്താ വിഷയം?" അടുത്തുകൂടിയവർ പരസ്പരം നോക്കി.

''ദേ. ആ ഓട്ടോയിൽ ഇരിക്കുന്ന പെണ്ണിനെ കാറേൽ വന്നവന്മാര് പിടിച്ചോണ്ടു പോകാൻ നോക്കി. ഒരാൾ പറഞ്ഞു.

''ങാഹ... നമ്മുടെ നാട്ടി​ൽ വന്ന് ഗുണ്ടായി​സം കാണി​ക്കുന്നോ. ഇതങ്ങനെ വി​ട്ടാൽ പറ്റത്തി​ല്ലല്ലോ."

ചിലർ ഓട്ടോയ്ക്കുള്ളിലേക്കു തലനീട്ടി നോക്കി.

''ഇത് നമ്മുടെ മാളവികയല്ലേ?" അവളെ കണ്ടവർക്ക് ആശങ്ക.

''എന്താ മോളേ ഇതൊക്കെ? ആരാ അവന്മാര്? ''പ്രായമുള്ള ഒരാൾ ചോദിച്ചു.

ഒറ്റ കരച്ചിലായിരുന്നു മാളവികയുടെ മറുപടി.

തങ്ങൾക്കു പരിചയമുള്ള കുട്ടിയാണെന്നു കണ്ടതും നാട്ടുകാരുടെ രോഷം ദ്വിഗുണീഭവിച്ചു.

അവരും കാർ വളഞ്ഞു.

''മര്യാദയ്ക്ക് എറങ്ങിവരിനെടാ."

അവർ കൈകൊണ്ട് കാറിന്റെ ഗ്ളാസിൽ അടിച്ചു.

കാറിൽ വന്നവർക്കു പരിഭ്രമമേറി. അവർ ആർക്കോ ഫോൺ ചെയ്തു.

ചെമ്പല്ലി സുരേഷ് ചുറ്റും നോക്കി. സാമാന്യം വലിയ ഒരു പാറക്കല്ലു കണ്ടു. രണ്ട് കൈകൾ കൊണ്ടും താങ്ങി അവനത് ഉയർത്തിക്കൊണ്ട് നേരെ കാറിനു മുന്നിലെത്തി.

''എടാ. ഞാൻ ഈ ഗ്ലാസ് ഇടിച്ചുപൊട്ടിക്കാൻ പോകുകയാ. അല്ലെങ്കിൽ ഡോർ തുറക്ക്. നീയൊക്കെ സ്റ്റാന്റിൽ വന്ന് ഈ പെങ്കൊച്ച് ഓട്ടോയിൽ ഏത് വഴിക്കാ പോയതെന്ന് തിരക്കിയപ്പോൾത്തന്നെ ഞങ്ങൾക്ക് അപകടം മണത്തെടാ. അതാ പിറകേ വന്നത്."

അവൻ ഒച്ചയുയർത്തി.

പെട്ടെന്ന് സിദ്ധാർത്ഥ്, സുരേഷിനെ തടഞ്ഞു.

''എടാ വേണ്ടാ. ഇപ്പം പോലീസു വരും. ഞാൻ വിളിച്ചിട്ടുണ്ട്."

സുരേഷ് ഒന്നയഞ്ഞു.

കല്ല് താഴെയിട്ടു.

അപ്പോഴേക്കും പലരും ഇന്നോവയിൽ വന്നവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചു. എന്നാൽ കറുത്ത ഗ്ളാസ് ആയതിനാൽ വിജയിച്ചില്ല.

പെട്ടെന്ന് പോലീസ് വാഹനത്തിന്റെ സൈറൺ കേട്ടു.

(തുടരും)