മിഡ്നാപൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് മകളുടെ വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാനാവാതെ ചൈനീസ് കുടുംബം. ബംഗാൾ മിഡ്നാപൂർ സ്വദേശിയായ പിന്റുവും, ചൈനീസ് യുവതിയായ ജ്യാകിയും തമ്മിലുള്ള വിവാഹം ബുധനാഴ്ച ഈസ്റ്റ് മിഡ്നാപൂരിൽ വച്ചാണ് നടന്നത്. വിവാഹ ചടങ്ങുകൾ വരന്റെ വീട്ടിൽ വച്ചായിരുന്നു.
ഏഴുവർഷം മുൻപ് നടന്ന ഒരു ബിസിനസ് യാത്രക്കിടെ ചൈനയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ വിവാഹത്തിൽ കുടുംബാംഗങ്ങൾ നിറഞ്ഞ സന്തോഷത്തിലാണ്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇന്ത്യ- ചൈന വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്നതിനാൽ കുടുംബാംഗങ്ങൾക്ക് യാത്രയിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്ന് വധു പറഞ്ഞു. ഞങ്ങൾ ചൈനയിലേക്ക് പോകും എന്നാൽ എപ്പോഴാണെന്ന് അറിയില്ല. എല്ലാ പ്രശ്നങ്ങളും തീർന്നു കഴിയുമ്പോൾ ചൈനയിലെത്തി വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുമെന്നും യുവതി കൂട്ടിച്ചേർത്തു. തങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ചൈനയിൽ വച്ച് ഒരു വിവാഹ പാർട്ടി സംഘടിപ്പിക്കുന്നുണ്ടെന്ന് വരനും വ്യക്തമാക്കി.