amit-shah

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റുകളെന്നാരോപിച്ച് അറസ്റ്റു ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനും എതിരായ യു.എ.പി.എ കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. എൻ.ഐ.എ കേസേറ്റെടുത്ത് ഒന്നര മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രത്തോട് ഈ വിഷയത്തിൽ നേരിട്ട് ആവശ്യമുന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആദ്യം മുഖ്യമന്ത്രി നിരസിച്ചിരുന്നു. നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ഡോ. എം.കെ. മുനീറിന് മറുപടിയായി കേസ് തിരിച്ചുവിളിക്കാനാവില്ലെന്നും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുന്നിൽ കത്തുമായി താൻ പോകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷായുടെ കാല് പിടിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.
സ്വന്തം മക്കളെ സമരമുഖങ്ങളിലൊന്നും നിർത്താതെ സുരക്ഷിതമായ ഇടങ്ങളിൽ കൊണ്ടിരുത്തി സാധാരണക്കാരായ വിദ്യാർത്ഥികളെ പോലീസിന്റെ ലാത്തിക്കും ജലപീരങ്കിക്കും ചിലപ്പോഴെല്ലാം വെടിയുണ്ടകൾക്കും മുന്നിലേക്ക് നിർത്തി പിൻവാതിലിലൂടെ അധികാരസ്ഥാനത്ത് അമർന്നിരിക്കാൻ തിടുക്കപ്പെടുന്ന വിപ്ലവകാരികളാണ് കേരളം ഭരിക്കുന്നതെന്ന് പരിഹസിച്ചാണ് ജോയ് മാത്യു കുറിപ്പെഴുതിയിരിക്കുന്നത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അദ്ദേഹത്തിന് മുന്നിൽ ഒരു ആവശ്യവുമായി ചെല്ലുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയോട് ഈ വിഷയം നിരന്തരം ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ടാണ് ജോയ് മാത്യും ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.