സാവോപോളോ: ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് കഴുത്തറുത്തു കൊന്നു. സാവോപോളോയിലെ വാർസെ പോളിസ്റ്റയിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഭാര്യമൂന്നാമതും ഗർഭിണിയായതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 22 കാരിയായ ഫ്രാൻസിൻ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.
ദമ്പതികൾക്ക് രണ്ടും നാലും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. എന്നാൽ ഭാര്യ മൂന്നാമതും ഗർഭിണിയായതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലായി. മൂന്നാമതൊരു കുഞ്ഞ് ഇപ്പോൾ വേണ്ട എന്നായിരുന്നു യുവാവിന്റെ നിലപാട്. സംഭവ ദിവസം രാത്രി കുഞ്ഞിനെ ചൊല്ലി വഴക്കുണ്ടാക്കി. മൂന്നാമതൊരു കുഞ്ഞ് വേണ്ട എന്ന് ഭർത്താവായ മർസെലോ അറൗജോ ആവർത്തിച്ച് പറഞ്ഞെങ്കിലും ഫ്രാൻസിൻ അംഗീകരിച്ചില്ല. എന്നാൽ അൽപസമയത്തിനകം വഴക്ക് അവസാനിക്കയും ഇരുവരും കിടക്കാനായി റൂമിലേക്ക് പോകുകയും ചെയ്തു.
കിടപ്പറയിലെത്തിയ അറൗജോ ശാരീരിക ബന്ധത്തിനിടെയാണ് ഭാര്യയെ കൊലപ്പെടുത്തുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ മൂന്ന് കുട്ടികളുടെ അച്ഛനാവുന്നതിലുള്ള നാണക്കേടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും കൊല നടത്താൻ അറൗജോയെ പ്രേരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മുറിയിലുണ്ടായിരുന്ന കത്തികൊണ്ട് ഭാര്യയെ കുത്തിപരിക്കേൽപിച്ച ശേഷം അറൗജോ ഭാര്യയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അറൗജോയുടെ തീരുമാനം. ഇതിനായി യുവാവ് ദേഹത്ത് സ്വയം കുത്തി പരിക്കേൽപിച്ചു. ഇതിനായി കൈത്തണ്ട കുത്തി കീറുകയും കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. കിടപ്പുമുറിയിൽ നിന്നും എടുത്ത് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അറൗജോയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.