ചെന്നൈ: തമിഴകത്തെയാകെ ഞെട്ടിച്ചുകൊണ്ടും വിജയ് ഫാൻസിനെ ആകാംക്ഷയിൽ നിറുത്തിക്കൊണ്ടും സൂപ്പർ താരം വിജയ്ക്കെതിരെ നടക്കുന്ന ആദായ വകുപ്പിന്റെ ചോദ്യം ചെയ്യൽ 20 മണിക്കൂർ പിന്നിടുന്നു. തമിഴകത്തെ ചർച്ച മുഴുവൻ റെയ്ഡിനെപ്പറ്റിയാണ്. ആരാധകർ അരിശം പൂണ്ട് നിൽക്കുമ്പോൾ സംയമനം പാലിക്കണമെന്ന് വിജയ് ഫാൻസ് അസോസിയേഷൻ നിർദ്ദേശിച്ചു. താരത്തിന് പിൻതുണയുമായി സോഷ്യൽ മീഡിയയിൽ ആയിരങ്ങളാണ് നിരന്നിരിക്കുന്നത്. 180 കോടി മുടക്കി ദീപാവലിക്ക് റിലീസ് ചെയ്ത ബിഗിൽ എന്ന സിനിമയുടെ കണക്കുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
തമിഴകത്ത് വൻ വിജയമായിരുന്ന സിനിമയുടെ സാമ്പത്തിക ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്. ബിഗിൽ സിനിമയുടെ സാമ്പത്തിക ഇടപാടിൽ നിർമ്മാതാക്കളുടെ കണക്കും വിജയ്‌യുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് ആദായനികുതി വകുപ്പിൻെറ കണ്ടെത്തൽ. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തെന്ന് അധികൃതർ പറയുന്നു. പകപോക്കൽ വിജയ് സിനിമകളിൽ പതിവായി കേന്ദ്രസർക്കാരിനെ വിമർശിക്കുന്നത് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കൾ പലതവണ വിജയ്ക്കെതിരെ പ്രസ്‌താവനകളുമായി രംഗത്തു വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിനും അണ്ണാ ഡി.എം.കെയ്ക്കുമെതിരായ വിജയ് നടത്തിയ വിമർശനങ്ങളുടെ വിവാദം കെട്ടടങ്ങും മുമ്പേ നടത്തിയ റെയ്ഡ് തികഞ്ഞ പകപോക്കലാണെന്ന ആരോപണം ശക്തമാണ്. സൂപ്പർതാരത്തെ തളയ്ക്കുകയാണ് ആദായ നികുതി വകുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന ചർച്ചയും സജീവമാണ്. വീടുകളിൽ റെയ്ഡ് കടല്ലൂർ ജില്ലയിലെ നെയ് വേലി ലിഗ് നൈറ്റ് കോർപ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ സമൻസ് വിജയിക്ക് കൈമാറിയത്.
ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ് യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാറിൽകയറ്റി കൊണ്ടുപോയി. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൽ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. വിജയ്‌യെ കസ്റ്റഡിയിലെടുത്തതിനെതുടർന്ന് മാസ്റ്റേഴ്സിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചു. വിജയ് യുടെ പാനൂരിലെ വീട്ടിലും വിരുഗമ്പാക്കത്തെ വീട്ടിലും ബിഗിലിന്റെ നിർമ്മാതാക്കളായ എ.ജി.എസ് ഓഫീസിലും റെയ്ഡ് നടത്തി. എ.ജി.എസ് എന്റർടെയ്ൻമെന്റ്സ് സ്ഥാപകൻ കൽപാത്തി എസ്. അഗോരത്തിന്റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്ത് റെയ്ഡ് നടത്തിയെന്നും കണക്കിൽപ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് അറിയിച്ചു. വിരുഗമ്പാക്കത്തെ വിജയുടെ വസതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ പരിശോധ നടത്തി. ഇവിടെനിന്ന് ഒന്നും കണ്ടെടുക്കാനായില്ല. ബിഗിൽ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ബിഗിലിൽ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയോട് ചോദിച്ചത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാതാവ് അൻപു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടത്തി. രണ്ട് വർഷം മുമ്പ് മെർസൽ എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
ഇത് പ്രതികാരം: മന്ത്രി ജയരാജൻ
തമിഴ് സൂപ്പർ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത് അപലപനീയമെന്ന് മന്ത്രി ഇ.പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളെ വിമർശിക്കുന്നവരെ ഏതു കുത്സിതമാർഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാർ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെർസൽ' എന്ന തന്റെ സിനിമയിൽ വിജയ് യുടെ കഥാപാത്രം വിമർശിച്ചിരുന്നു. സർക്കാർ എന്ന സിനിമയിലൂടെ അണ്ണാഡിഎം.കെ. സർക്കാരിനെയും വിമർശിച്ചു. ഇതാണ് വിജയ് യെ കുടുക്കാൻ കാരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.