മസ്‌കറ്റ് : പ്രവാസികൾക്ക് ആശങ്കയുണർത്തുന്ന തീരുമാനവുമായി ഒമാൻ. വിലക്കേർപ്പെടുത്തിയ വിസകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ കാലാവധി പൂർത്തിയാക്കിയാൽ പുതുക്കി നൽകില്ലെന്നും രാജ്യം വിടണമെന്നും അറിയിപ്പ്. സെയിൽസ്, പർച്ചേസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർക്കാണ് ഈ ഉത്തരവ് തിരിച്ചടിയായിരിക്കുന്നത്. രാജ്യത്തിന് പുറത്തു പോയവർക്ക് മറ്റു വിസകളിൽ ജോലിയെടുക്കുന്നതിനായി എത്തിച്ചേരാനാവും എന്നാൽ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി സമർപ്പിക്കണം.
സെയിൽസ് റെപ്രസെന്റേറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തൊഴിൽ മേഖലകളിൽ വിലക്കേർപ്പെടുത്തിയതായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. മലയാളികളടക്കം ആയിരക്കണക്കിന് പേർ ഈ മേഖലകളിൽ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. വരും മാസങ്ങളിൽ കാലാവധി തീരുന്നതോടെ ഇവർ സ്വദേശത്തേക്ക് മടങ്ങേണ്ടി വരും എന്ന് ഉറപ്പായിരിക്കുകയാണ്.