giriraj-singh

ന്യൂഡൽഹി: രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ വിളനിലമായി തലസ്ഥാന നഗരിയിലെ ഷഹീൻ ബാഗ് മാറിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കേന്ദ്രമാണ് ഷഹീൻ ബാഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ നിയമത്തിനെതിരായി ഏറ്റവുമധികം പ്രതിഷേധങ്ങൾ അരങ്ങേറിയത് ‌ഡൽഹിയിലെ ഷഹീൻ ബാഗിലാണ്. പ്രതിഷേധങ്ങളെ രാജ്യത്തിനെതിരായ ഖിലാഫത്ത് പ്രസ്ഥാനം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങൾ ഇത്തരം ചാവേറുകളിൽ നിന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. "പ്രതിഷേധത്തിനിടെ ഷഹീൻ ബാഗിൽ ഒരു കുഞ്ഞ് മരിക്കുന്നു. അവന്റെ അമ്മ എന്റെ മകൻ രക്തസാക്ഷിയാണെന്ന് പ്രഖ്യാപിക്കുന്നു. എന്താണ് രാജ്യത്ത് സംഭവിക്കുന്ന്. ചാവേറുകൾ അല്ലാതെ എന്താണിതെന്നും"" അദ്ദേഹം ചോദിക്കുന്നു.

ഇതിനു മുമ്പും പലതവണ പ്രകോപനപരമായ പ്രസംഗങ്ങൾ ഗിരിരാജ് സിംഗ് നടത്തിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഈ കുറ്റത്തിന് അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച നടക്കാൻ ഇരിക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി പ്രതിഷേധക്കാർക്കെതിരെ ശക്തമായ നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‍ ഷ അടക്കമുള്ള പല ബി.ജെ.പി നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 18 മുതൽ പൗരത്വ നിയമത്തിനെതിരെ കുട്ടികളൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ ഡൽഹിയിൽ ഷഹീൻ ബാഗിലെ റോഡിൽ പ്രതിഷേധത്തിലാണ്. മതേതര ഭരണഘടനാ തത്ത്വങ്ങളെ അട്ടിമറിക്കുകയും സി‌.എ‌.എയിലുടെ മുസ്ലിങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയും ചെയ്യുന്നു എന്നാണ് പ്രതിഷേധക്കാരുടെ വിമർശനം.

ഷഹീൻ ബാഗിലെ പ്രധിഷേധക്കാരെ പരിഹസിച്ച് ബി.ജെ.പി എംപി പർവേഷ് സാഹിബ് സിംഗ് രംഗത്തെത്തിയിരുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് അവിടെ ഒത്തുകൂടുന്നത്. അവർ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുകയും നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.