
ന്യൂഡൽഹി : വ്യാപാര ബന്ധത്തിലൂടെ ഇന്ത്യയിൽ നിന്നും സാമ്പത്തിക നേട്ടം വലിയ അളവിൽ സ്വന്തമാക്കുമ്പോഴും ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യാ വിരുദ്ധ നിലപാടുകളെടുത്ത് പാകിസ്ഥാന് പിന്തുണ നൽകുകയായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലേഷ്യയുടെ നിലപാട്. കാശ്മീരിനെ സംബന്ധിക്കുന്ന ആർട്ടിക്കിൾ 370 ഇന്ത്യ പിൻവലിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ കൊണ്ടുവന്ന പ്രമേയത്തിലും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദിന്റെ നിലപാട് അപ്രകാരമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ നിശതമായ വിമർശനവും നടത്താൻ മഹാതിർ മൊഹമ്മദ് മടിച്ചില്ല. എന്നാൽ ഇതിന്റെ പ്രത്യാഘാതം മലേഷ്യയെ തേടിയെത്തിയത് പാം ഓയിലിന്റെ രൂപത്തിലായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നുമായിരുന്നു ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും വാങ്ങിയിരുന്നത്. ഇന്ത്യൻ സർക്കാരിന്റെ മൗന പിന്തുണയോടെ വ്യാപാരകൾ മലേഷ്യൻ പാം ഓയിലിനോട് നോ പറഞ്ഞു. മാദ്ധ്യമങങ്ങളും വലിയ അളവിൽ ഈ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചതോടെ മലേഷ്യ വെട്ടിലാവുകയായിരുന്നു. മലേഷ്യയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പാം ഓയിൽ കൃഷിയെ പോലും ഇന്ത്യയുടെ തീരുമാനം തളർത്തി.
ഇന്ത്യൻ ബഹിഷ്‌കരണം ആദ്യ ഘട്ടത്തിൽ പുല്ലുവില കൽപ്പിച്ച് തള്ളിക്കളയുവാനാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് ശ്രമിച്ചത്. എന്നാൽ രാജ്യത്തിനകത്ത് നിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെ ഇന്ത്യയുമായി അടുക്കാനായി ശ്രമം. ഇന്ത്യയുമായി ഇനി പ്രശ്നത്തിനില്ലെന്നും, തങ്ങളുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോൾ ചെറുതാണെന്നുമൊക്കെ പ്രസ്താവനകൾ നടത്തി രംഗം തണുപ്പിക്കുവാനായി മലേഷ്യയുടെ ശ്രമം. ഇത്രയൊക്കെയായിട്ടും തണുക്കുന്നില്ലെന്ന് കണ്ടപ്പോൾ ഇന്ത്യയിൽ നിന്നും പഞ്ചസാര അധികം വാങ്ങാമെന്ന ബിസിനസ് ഓഫറുമായി മലേഷ്യ എത്തി. ഈ അവസരത്തിലാണ് പാക് പ്രധാനമന്ത്രി മലേഷ്യ സന്ദർശിക്കാൻ തീരുമാനിക്കുന്നത്.
പാം ഓയിലിന് തീപിടിപ്പിക്കാനുള്ള ഇമ്രാന്റെ ശ്രമം പാളി
മലേഷ്യയിൽ സന്ദർശനം നടത്തിയ പാക് പ്രധാനമന്ത്രി ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ സംയുക്ത പത്രസമ്മേളനത്തിലാണ് ആദ്യ വെടി പൊട്ടിച്ചത്. മലേഷ്യൻ ഇറക്കുമതിയിൽ ഇന്ത്യ വിലക്കു വെച്ചിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ അതിനെ മറികടക്കാൻ തയ്യാറാവുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കൂടുതൽ പാം ഓയിൽ മലേഷ്യയിൽ നിന്നും പാകിസ്ഥാൻ വാങ്ങുമെന്നാണ് ഓഫർ വച്ചത്. എന്നാൽ ഈ ഓഫർ തണുപ്പൻ മട്ടിലാണ് മലേഷ്യൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതു കൂടാതെ കാശ്മീരിനെ പറ്റിയുള്ള ഇമ്രാൻ ഖാന്റെ പ്രസ്താവനകളോടും മലേഷ്യ മുൻപത്തെ പോലെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. ആഗസ്റ്റ് അഞ്ചിന് ശേഷം കാശ്മീരിലുണ്ടായ പുതിയ സംഭവ വികാസങ്ങൾ മലേഷ്യയെ ധരിപ്പിച്ചു എന്നാണ് ഇമ്രാൻ പ്രസ്താവിച്ചത്. ഇതിനപ്പുറം ഈ വിഷയത്തിനെ കുറിച്ച് സംയുക്ത പത്രസമ്മേളനം കടന്നു പോയതുമില്ല.
എന്നാൽ മലേഷ്യയിൽ സർക്കാരിനോട് ഇന്ത്യൻ വ്യാപാരികളുടെ പ്രതിഷേധ നിസഹരണം താത്കാലികമാണെന്നും വിലക്ക് നീക്കുന്നതിനായുള്ള പ്രവർത്തികൾ നടക്കുന്നുവെന്നും മലേഷ്യൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവുമധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്. ഇത്രയും അളവിൽ പാകിസ്ഥാന് പാംഓയിൽ വാങ്ങുവാൻ സാധിക്കില്ലെന്നതും മലേഷ്യയുടെ മലക്കം മറിച്ചിലിൽ വ്യക്തമാണ്.
അതേ സമയം മലേഷ്യയുമായുള്ള പിണക്കം നീട്ടിക്കൊണ്ടു പോകുന്നതിൽ ഇന്ത്യയ്ക്കും താത്പര്യക്കുറവുണ്ട്. ആസിയാൻ രാഷ്ട്രങ്ങളുമായി മെച്ചപ്പെട്ട സഹകരണം ഉണ്ടക്കേണ്ടത് കിഴക്കൻ ഏഷ്യൻ മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളെ കൂട്ട് പിടിച്ചുള്ള ചൈനീസ് തന്ത്രത്തിന് അതേ നാണയത്തിൽ തിരച്ചടി നൽകുവാൻ ആസിയാൻ രാഷ്ട്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് പ്രധാന കാരണം. മലേഷ്യയുടെ മേലുള്ള അനൗദ്യോഗികമായ താത്കാലിക നിയന്ത്രണങ്ങൾ പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന മറ്റു രാഷ്ട്രങ്ങൾക്ക് പാഠമാകട്ടെ എന്ന നിലപാടിലാണ് ഇന്ത്യ ഇപ്പോൾ.