ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ലോക്‌സഭയിൽ പ്രത്യക്ഷ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലർ പാകിസ്ഥാന്റെ ഭാഷയിൽ സംസാരിച്ച് രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നിൽക്കുകയാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് സമരത്തെയും മോദി പരോക്ഷമായി വിമർശിച്ചു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.
നിരവധി നാടകീയ രംഗങ്ങൾക്കാണ് ലോക്സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച മോദി, തനിക്കെതിരായ രാഹുലിന്റെ വിവാദ പരാമർശത്തിനെതിരെ മോദി രംഗത്തെത്തി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദനമേറ്റുവാങ്ങേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഒരു റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ യുവാക്കളുടെ മർദനമേറ്റുവാങ്ങാൻ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്ന് ലോക്‌സഭയിൽ രാഹുലിനെതിരെ മോദി തിരിച്ചടിച്ചു.
'' അടുത്ത ആറുമാസത്തിനുള്ളിൽ മോദിയെ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത് കേട്ടിരുന്നു. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ആറുമാസം സൂര്യനമസ്‌കാരം ചെയ്ത് അവരുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും"" എന്നായിരുന്നു മോദിയുടെ മറുപടി.
'ഇപ്പോൾ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആറുമാസം കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. തൊഴിലില്ലാത്ത ഇന്ത്യയിലെ യുവാക്കൾ അദ്ദേഹത്തെ വടികൊണ്ട് തല്ലും. യുവാക്കൾക്ക് തൊഴിൽ ലഭിക്കാതെ രാജ്യം പുരോഗതിയിലെത്തില്ലെന്ന് അദ്ദേഹത്തെ ബോധ്യമാക്കും എന്നായിരുന്നു രാഹുലിന്റെ പരാമർശം.
മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിവാദ പരാമർശത്തെയും മോദി ലോക്സഭയിൽ വിശദീകരിച്ചു. മോദി മഹാത്മാഗാന്ധിയെക്കുറിച്ച് പരാമശിച്ചപ്പോൾ ''മഹാത്മാഗാന്ധി നീണാൽ വാഴട്ട"" എന്ന മുദ്രാവാക്യം പ്രതിപക്ഷമുയർത്തി.ബി.ജെ.പിയുടെ ഗാന്ധി പരാമർശങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയും രംഗത്തെത്തി. ഇപ്പോൾ കണ്ട പ്രതിഷേധങ്ങൾ ഒരു ട്രെയിലർ മാത്രമാമെന്ന് ചൗധരി പറഞ്ഞു. "നിങ്ങൾക്ക് ഗാന്ധി ട്രെയിലർ മാത്രമായിരിക്കാം എന്നാൽ ഞങ്ങൾക്ക് ഗാന്ധി ജീവനാണെന്ന് മോദി മറുപടിയും പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെ "നാടകം" എന്നാണ് അനന്ത്കുമാർ ഹെഗ്‌ഡെ കഴിഞ്ഞ ആഴ്ച വിശേഷിപ്പിച്ചത്. ചരിത്രപുസ്തകങ്ങൾ വായിച്ചപ്പോൾ തന്റെ രക്തം തിളച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ സമരം മുഴുവനും ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയിൽ നിരുപാധികമായി ക്ഷമാപണം നടത്തണമെന്ന് ബി.ജെ.പി തന്നെ ഹെഗ്ഡെയോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.