vijay-rare-facts

നടൻ വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്‌റ്റഡിയിലായിട്ട് 23 മണിക്കൂർ പിന്നിടുകയാണ്. സംഭവത്തിൽ വൻ പ്രതിഷേധമാണ് തമിഴ്‌നാട്ടിലും കേരളത്തിലും വിജയ്‌ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ 'വി സ്‌റ്റാൻഡ് വിത്ത് വിജയ്' ഹാഷ് ടാഗ് തരംഗം സൃഷ്‌ടിച്ചു കഴിഞ്ഞു.

സൂപ്പർ സ്‌റ്റാർ രജനികാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഇളയദളപതി എന്ന് ആരാധകർ അഭിസംബോധന ചെയ്യുന്നത്. മറ്റൊരു അന്യഭാഷാ നടനും ലഭിക്കാത്ത ആരാധക വൃന്ദമാണ് വിജയ്‌ക്ക് കേരളത്തിലുമുള്ളത്. വിജയ്‌യെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ-

1. തമിഴ് സിനിമയിലെ പ്രശസ്‌ത സംവിധായകൻ എസ്.എ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. 1992ൽ 'നാളൈയ തീർപ്പ്' എന്ന ചിത്രത്തിലൂടെ ചന്ദ്രശേഖർ തന്നെയാണ് മകനെ സിനിമയിൽ അവതരിപ്പിച്ചത്. അതിന് മുമ്പ് 1984ൽ ബാലതാരമായി വിജയ് വെള്ളിത്തിരയിലെത്തിയിരുന്നു. നായകാനായുള്ള അരങ്ങേറ്റത്തിന് ശേഷം വിജയ് തമിഴ് സിനിമയുടെ മുഖമായി മാറാൻ അധിക കാലം വേണ്ടിവന്നില്ല. 1998ൽ വിജയ്‌യെ തേടി കലൈമാമണി പുരസ്‌കാരമെത്തി.

2. 20 നവാഗതരായ സംവിധായകർക്കാണ് വിജയ് തന്റെ ചിത്രങ്ങളിലൂടെ അവസരം നൽകിയത്.

3. ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിനോടാണ് വിജയ്‌യെ ആരാധകർ ഉപമിക്കുന്നത്. ഒരിക്കൽ അമേരിക്ക സന്ദർശിക്കവെ ടോം ക്രൂസിന്റെ വീട് ഇഷ്‌ടപ്പെട്ട താരം അതിന്റെ തനിപകർപ്പ് തന്നെ ചെന്നൈ ബീച്ചിനടുത്ത് പണിതു.

4. തമിഴ് സിനിമയ്‌ക്ക് നൽകിയ സംഭാവനകൾ മാനിച്ച് എം.ജി.ആർ യൂണിവേഴ്‌സിറ്റി വിജയ്‌ക്ക് ഡോക്‌ടറേറ്റ് നൽകി ആദരിച്ചു.

5. രജനികാന്തിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം.

6. അൻപതിനായിരത്തോളം വരുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് ജന്മദിനത്തിൽ വിജയ്‌ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്‌തുവരുന്നുണ്ട്.

7. കുട്ടിക്കാലത്ത് വളരെ സംസാരപ്രിയനായിരുന്ന വിജയ് സഹോദരിയുടെ മരണത്തിന് ശേഷം കുറച്ചുകാലം വിഷാദത്തിന് അടിമപ്പെട്ടിരുന്നു.