വാഷിംഗ്ടൺ: അഞ്ചുമാസം നീണ്ട ഇംപീച്ച്‌മെന്റ് നടപടികളിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരായ കുറ്റവിചാരണ പ്രമേയങ്ങൾ സെനറ്റ് വോട്ടിനിട്ട് തള്ളി. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതാണ് ട്രംപിന് തുണയായത്. എന്നാൽ റിപ്പബ്ലിക്കൻ സെനറ്റംഗം മിറ്റ് റോമ്‌നി ട്രംപിനെതിരെ വോട്ടു ചെയ്തു. അധികാര ദുർവിനിയോഗം നടത്തിയെന്ന പ്രമേയത്തെ റോമ്‌നി അനുകൂലിച്ചു.
അധികാര ദുർവിനിയോഗം നടത്തിയെന്ന പ്രമേയം 48 നെതിരെ 52 വോട്ടുകൾക്കും കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന കുറ്റം 47നെതിരെ 53 വോട്ടുകൾക്കുമാണ് തള്ളിയത്. 100 അംഗ സെനറ്റിൽ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാലേ ഇംപീച്ച്മെന്റ് വിജയിക്കുമായിരുന്നുള്ള. എന്നാൽ പ്രതിപക്ഷത്തുള്ള സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 47 അംഗങ്ങളേ ഉള്ളൂ.
അധികാരദുർവിനിയോഗം, യു.എസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്‌തിരുന്നു. അമേരിക്കയിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടേണ്ടിവന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
അതിനിടെ സെനറ്റിലെ നടപടികൾ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ രണ്ടാം ഊഴത്തെ സംശയിച്ചവർക്കുള്ള മറുപടിയാണെന്നും ഇനിയങ്ങോട്ടും താൻ തന്നെ ആയിരിക്കും പ്രസിഡന്റ് എന്ന് സൂചിപ്പിക്കുന്ന വീഡിയോയും ട്രംപ് ട്വീറ്റ് ചെയ്തു.