yesudas

ഗാനഗന്ധർവൻ യേശുദാസിന്റെ സഹോദരൻ കെ.ജെ. ജസ്‌റ്റിന്റെ മരണത്തിൽ അഗാധ ദുഖം രേഖപ്പെടുത്തി എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ രവി മേനോൻ. 'നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ'- ഫേസ്ബുക്കിൽ രവി മേനോൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല...''

യേശുദാസിനെ കുറിച്ചുള്ള അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു....


ആദരാഞ്ജലികൾ, പ്രാർത്ഥനകൾ ...'

രവിമേനോൻ