kirk-douglas

ലൊസാഞ്ചലസ് : നടൻ, സംവിധായകൻ, നിർ‌മ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശോഭിച്ച, ഹോളിവുഡ് ഇതിഹാസതാരവും ബഹുമുഖ പ്രതിഭയുമായ കിർക്ക് ‍ഡഗ്ളസ് (103) വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ലൊസാഞ്ചലസിൽ വച്ചായിരുന്നു അന്ത്യം.

മകനും നടനുമായ മൈക്കിൾ ഡഗ്ളസാണ് പിതാവിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

1996ൽ പക്ഷാഘാതം വന്നതോടെ ഡഗ്ളസിന് സംസാരശേഷി നഷ്ടമായിരുന്നു. മുഖത്തെ പേശികൾക്കും സാരമായ തകരാറുണ്ടായി. പിന്നീട് സംസാരശേഷി വീണ്ടെടുത്തെങ്കിലും ഉച്ചാരണം അസ്പഷ്ടമായിരുന്നു.

ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ ഡഗ്ളസ് 70 വർഷങ്ങൾക്ക് മുമ്പാണ് അഭിനയരംഗത്തെത്തിയത്. 90 ലധികം സിനിമയിൽ അഭിനയിച്ചു. സ്പാർട്ടക്കസ്, പാത്ത്സ് ഓഫ് ഗ്ലോറി എന്നീ ചിത്രങ്ങളിലെ അവിസ്‌മരണീയ അഭിനയ മികവ് ഡഗ്ളസിനെ സൂപ്പർ സ്റ്റാറാക്കി.

ചാമ്പ്യൻ (1949), ദി ബാഡ് ആൻഡ് ബ്യൂട്ടിഫുൾ (1952)വിഖ്യാത കലാകരൻ വിൻസന്റ് വാൻഗോഗിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ലസ്റ്റ് ഫോർ ലൈഫ് (1956) എന്നീ ചിത്രങ്ങൾക്ക് മൂന്നു തവണ ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു. ‌അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ഡഗ്ലസിന്റെ വിയോഗത്തിൽ സ്റ്റീവൻ സ്പിൽ ബർഗ്, ഡാനി ഡിവിറ്റോ, എഡ്‌ അസ്നെർ, ബ്രയൻ ആഡംസ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.

നിർമ്മാതാവായ ആനി ബയ്ഡെനാണ് ഭാര്യ. മൈക്കിൾ, ജോയൽ, പീറ്റർ, പരേതനായ എറിക് എന്നിവർ മക്കളാണ്.

1916 ഡിസംബർ 9ന് ജൂത - റഷ്യൻ അഭയാർത്ഥികളുടെ മകനായി ന്യൂയോർക്കിലെ ആംസ്റ്റർഡാമിൽ ജനനം

 1949ൽ ‘ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായി
 1996ൽ അക്കാഡമി ഒഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഓസ്കാർ നേടി

 ലോകത്തിന് അദ്ദേഹം ഒരു ഇതിഹാസമായിരുന്നു, സിനിമകളുടെ സുവർണ കാലഘട്ടത്തിലെ നടൻ, വരും തലമുറകളിലും നിലനിൽക്കുന്ന ഒരു പാരമ്പര്യത്തെയാണ് അദ്ദേഹം സിനിമയ്ക്ക് നൽകിയത്. പൊതുജനങ്ങൾക്ക് സഹായവും സമാധാനവുമേകാൻ പ്രവർത്തിച്ച മനുഷ്യസ്‌നേഹി എന്ന നിലയിൽ ചരിത്രം അദ്ദേഹത്തെ ഓർമ്മിക്കും.

- മൈക്കിൾ ഡഗ്ലസ്