തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമ പ്രകാരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്.കൃഷ്ണകുമാറിനെ അയോഗ്യനാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും ആറ് വർഷത്തേക്കാണ് വിലക്ക്.
2015നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായാണ് ഇദ്ദേഹം വിജയിച്ചത്. 2018ജൂലൈ 13ന് നടന്ന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെയുള്ള അവിശ്വാസപ്രമേയ യോഗത്തിൽ പങ്കെടുക്കാനും പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാനുമാണ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഇദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നത്. എന്നാൽ നിർദ്ദേശം ലംഘിക്കുകയും അവിശ്വാസപ്രമേയ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. ഇതിനെതിരെ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം എ.മധുസൂദനൻ നായർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി.