തിരുവനന്തപുരം: നഗരത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും സൗന്ദര്യവത്കരിക്കുന്നതിനായി 25 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. വി.എസ്.ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്തെ റോഡുകൾ മിക്കവയും പൂർണമായി നവീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും ടെൻഡർ വിളിച്ചാലും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ലെന്നും എം.എൽ.എ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി. വലിയതുറ​ - ബീമാപള്ളി​ - പൂന്തുറ റോഡ് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ച് ആറു തവണ ടെൻഡർർ വിളിച്ചിട്ടും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാത്തതുകൊണ്ട് റോഡിൽ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയാൽ ആറ് മാസത്തേക്ക് പുതിയ പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ പകരം സംവിധാനം സ്വീകരിക്കുമോയെന്നും ശിവകുമാർ ചോദിച്ചു.

സുഗമമായ യാത്രയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താതെ പറ്റില്ലെന്നും ചില റോഡുകൾ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ പൊട്ടിപ്പൊളിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിലവിൽ രണ്ട് ശതമാനം റോഡ് മാത്രമേ അറ്റകുറ്റപ്പണികൾ ചെയ്യാൻ ബാക്കിയുള്ളൂ. തിരുവനന്തപുരം നഗരത്തിൽ ഒരു ശതമാനം മാത്രമാണിത്.

കരാറുകാരുടെ ചില ആവശ്യങ്ങൾ ന്യായമാണ്. അവർക്ക് പണം കിട്ടാനുണ്ടെന്നുള്ളത് സത്യമാണ്. ബഡ്ജറ്റിനുശേഷം അത് കൊടുക്കും. നഗരം അതിമനോഹരമാക്കുന്നതിന്റെ ഒരു ഘട്ടമേ കഴിഞ്ഞിട്ടുള്ളൂ. അന്തിമഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.