ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‍ക്കെതിരായ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേപം കനക്കെ, ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും നീണ്ടത് 30 മണിക്കൂർ. വിജയ്‌യുടെ ഭാര്യ സംഗീതയെയും ഇന്നലെ ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് 'ബിഗിൽ" സിനിമ നിർമ്മിച്ച എ.ജി.എസ് സിനിമാസും വിജയ്‌യുമായും ബന്ധപ്പെട്ട 38 ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് നടപടികൾ അവസാനിച്ചത്.
വിജയ്‌യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന്റെ ആധാരങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ആദായനികുതി ഉദ്യോഗസ്ഥരാണ് വിജയ്‌യുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നത്. വിജയ്‌യുടെ ചെന്നൈ പനയൂരിലെ വീട്ടിലും മറ്റ് രണ്ട് വീട്ടിലും നേരത്തേ റെയ്ഡ് നടത്തിയിരുന്നു.
ചെന്നൈ നീലാങ്കരൈയിൽ ഭൂമി വാങ്ങിയതും പൂനമല്ലിയിൽ കല്യാണമണ്ഡപം പണിഞ്ഞതും അടക്കം വിജയ്‌യുടെ സ്ഥാവര സ്വത്തുവകകളും നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള കണക്കുകളും പരിശോധിച്ചു.
അതേസമയം, തമിഴ് സിനിമാ രംഗത്തെ മുഖ്യ പണമിടപാടുകാരൻ അൻപു ചെഴിയന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തു. ചെന്നൈ, മധുരൈ എന്നിവിടങ്ങളിലെ വസതിയിലെ രഹസ്യസ്ഥലങ്ങളിൽ നിന്നാണ് പണം കണ്ടെടുത്തത്. 20 ബാഗുകളിൽ 500, 2000 രൂപയുടെ കെട്ടുകളാക്കി അടുക്കിവച്ചിരുന്ന പണമാണ് പിടിച്ചെടുത്തത്.
300 കോടി കളക്ട് ചെയ്ത ബിഗിൽ സിനിമയിൽ വിജയ്‌യ്ക്ക് നൽകിയ പ്രതിഫലം സംബന്ധിച്ച് അൻപു ചെഴിയന്റെയും നിർമാതാവിന്റെയും മൊഴികളും താരം നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് വിവരം. ബിഗിലിന് വിജയ് 30 കോടി രൂപ പ്രതിഫലം വാങ്ങിയെന്നും പറയപ്പെടുന്നു.
പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമാ വിതരണക്കാരൻ, മറ്ററ്റൊരു നിർമ്മാതാവ് എന്നിവരുടെ പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്.
സിനിമയെ വെല്ലുന്ന നീക്കം
ബുധനാഴ്ച വൈകിട്ട് കടലൂരിൽ 'മാസ്റ്റേഴ്സ്' എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ ഉദ്യോഗസ്ഥർ വിജയ്‍യ്ക്ക് സമൻസ് നൽകി. ഷൂട്ടിംഗ് നിറുത്തി, നടനെ കാറിൽ കയറ്റി രാത്രി 9 ഓടെ വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യൽ പുലർച്ചെ 2.30 വരെ നീണ്ടു. തുടർന്ന് ചെന്നൈ സാലിഗ്രാമത്തെ വിജയ്‌യുടെ വസതികളിൽ പരിശോധന. ഇന്നലെ വെളുപ്പിന് മുതൽ വീണ്ടും ചോദ്യം ചെയ്യൽ.
ആരാധകരുടെ കാമ്പെയിൻ
കേന്ദ്ര നയങ്ങളെ വിമർശിക്കുന്ന 'മെർസൽ", 'സർക്കാർ" തുടങ്ങിയ സിനിമകളുടെ പേരിൽ ഇളയദളപതിയെ ബി.ജെ.പി വേട്ടയാടുകയാണെന്ന് വിജയ് ആരാധകർ ആരോപിക്കുന്നു. ബി.ജെ.പി അനുകൂല നിലപാടെടുത്ത രജനികാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നെന്നും അവർ പറയുന്നു. സോഷ്യൽ മീഡിയയിൽ #we stand with vijay ഹാഷ്‌ടാഗിലുള്ള കാമ്പെയിനിൽ ആരാധക ലക്ഷങ്ങളാണ് എത്തിയത്.