modi-

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.. കേരളത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായി നടന്ന സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന് പിണറായി പറഞ്ഞുവെന്ന് നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ അനുദിക്കാത്തത് ഡൽഹിയിൽ തുടരണോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ കെ.കെ.രാഗേഷ് എം.പി ബഹളം വച്ചു.

നേരത്തെ ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രമേയത്തിൽ മേൽ നടത്തിയ മറുപടി പ്രസംഗത്തിൽ രാജ്യത്തെ വെട്ടിമുറിക്കുന്നവർക്ക് ഒപ്പം നിന്നാണ് ചിലർ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് മോദി ആരോപിച്ചു. രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചത്. പാകിസ്ഥാന്റെ ഭാഷയിലാണ് ചിലർ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഷഹീൻബാഗ് സമരത്തെ പരോക്ഷമായി പരാമർശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും കുറ്റപ്പെടുത്തി..പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലതവണ പ്രതിഷേധ സ്വരമുയർത്തി ബഹളം വച്ചു.


പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ നിയമം മാറ്റണമെന്ന് ജവഹർലാൽ നെഹ്റു പറഞ്ഞെന്ന് പ്രസംഗിച്ച നരേന്ദ്രമോദി നെഹ്റു വർഗീയവാദിയായിരുന്നോ എന്നും ചോദിച്ചു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.