bs-yeddyurappa
bs yeddyurappa

ബംഗളൂരു: കർണാടകയിൽ ആറുമാസം പ്രായമുള്ള യെദിയൂരപ്പാ സർക്കാരിൽ കൂറുമാറിയെത്തിയ എം.എൽ.എമാരിൽ നിന്നു 10 പേർക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ഇവർക്കൊപ്പം ബി.ജെ.പിയിലെ 3 മുതിർന്ന നേതാക്കൾ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും, അവസാന നിമിഷം പാർട്ടി നേതൃത്വം ഇടപെട്ട് നീട്ടിവച്ചു.

രമേഷ് ജാർക്കിഹോളി, എസ്.ടി.സോമശേഖർ, കെ.സുധാകർ, ബയരതി ബസവരാജ്, ശിവറാം ഹെബ്ബാർ, ബി.സി.പാട്ടീൽ, കെ.ഗോപായ്യ, നാരായണ ഗൗഡ, ശ്രീമന്ത് പാട്ടീൽ, ആനന്ദ് സിംഗ് എന്നിവരാണ് ഇന്നല നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുത്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മുതിർന്ന ബി.ജെ.പി നേതാക്കളായ അരവിന്ദ് ലിംബാവലി, ഉമേഷ് കട്ടി, സി.പി.യോഗേശ്വർ എന്നിവർ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ ബി.ജെ.പി നേതാക്കൾക്കിടയിൽ അതൃപ്തി വ്യാപകമായതോടെയാണ് സത്യപ്രതിജ്ഞ മാറ്റിവച്ചത്. നിയമസഭാംഗമല്ലാത്ത യോഗേശ്വറിനെ ഉൾപ്പെടുത്താനും കൂറുമാറ്റക്കാർക്കിടയിലെ മഹേഷ് കുമത്തല്ലിയെ മാറ്റി നിറുത്താനുമുള്ള തീരുമാനം വലിയ വിമർശനത്തിനു വഴിവച്ചിരുന്നു.

34 പേരെ പരമാവധി ഉൾപ്പെടുത്താവുന്ന മന്ത്രിസഭയുടെ അംഗബലം ഇതോടെ 28 ആയി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ദൾ സഖ്യ സർക്കാരിനെ അട്ടിമറിക്കാനായി 17 എം.എൽ.എമാരാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്. ഇവരെ എല്ലാവരെയും മന്ത്രിമാരാക്കാമെന്ന് യെദിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നു.