കൊച്ചി: തായ്ലൻഡ് സ്വദേശിനിയായ 45 കാരിയെ നഗരത്തിലെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച കേസിൽ മലപ്പുറം ചീക്കോട് സ്വദേശികളായ രായിൻകൊട്ടുമ്മേൽ മുഹമ്മദ് ഇൻസാഫ് (32),കണിപുരത്ത് ചാലിൽ അൻസാറുദ്ദീൻ (33) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
മലപ്പുറത്ത് സ്‌കൂളിൽ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടു പാേകാനും മുഹമ്മദ് ഇൻസാഫിനെ കാണാനുമാണ് ഇവർ കേരളത്തിലെത്തിയത്. ഫേസ്ബുക്കുവഴി പരിചയപ്പെട്ട മുഹമ്മദ് ഇൻസാഫുമായി തായ്ലൻഡ് സ്വദേശിനി പ്രണയത്തിലായിരുന്നു. ഇവർ കഴിഞ്ഞ മൂന്നിന് മലപ്പുറത്തെത്തി മകനെയും കൂട്ടി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെത്തി. ഇവർ മുറിയെടുത്തതിന് അടുത്തുള്ള മുറി മുഹമ്മദ് ഇൻസാഫുമെടുത്തു. മകൻ ഉറങ്ങിയ
സമയമാണ് തായ്‌ലാൻഡ് സ്വദേശിനി ഇൻസാഫിന്റെ മുറിയിലെത്തിയത്. പിന്നീട് ഇയാളുടെ സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി ഹോട്ടൽ അധികൃതരെ വിവരമറിയിച്ചത്. പരാതിക്കാരി ഇന്ന് തായ്ലാൻഡിലേക്ക് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ പരിശോധനയിൽ യുവതി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
പ്രതികൾ ബാല്യകാല സുഹൃത്തുകളാണ്. കൂട്ട ബലാത്സംഗ കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.