sojas

ചങ്ങനാശേരി: റോഡരികിലേയ്ക്ക് നീണ്ടുകിടന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട സ്‌കൂട്ടർ പോസ്റ്റിലിടിച്ച് ഗൾഫ് മലയാളിക്ക് ദാരുണാന്ത്യം. വടക്കേക്കര കറുകപ്പള്ളി വീട്ടിൽ കുര്യാക്കോസിന്റെ മകൻ സോജസ് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പാലാത്രച്ചിറ പാലത്തിനു സമീപമായിരുന്നു അപകടം.

റോഡരികിലേയ്ക്ക് നീണ്ടുകിടന്നിരുന്ന ഉപയോഗശൂന്യമായ കേബിളിന്റെ ഒരു ഭാഗം സോജസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാൻഡിലിൽ കുരുങ്ങുകയായിരുന്നു. അതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഹെൽമെറ്റിന്റെ ഗ്‌ളാസ് പൊട്ടുകയും ചെയ്തു. മുഖത്തിന് സാരമായി പരിക്കേറ്റ സോജസിനെ നാട്ടുകാർ ഉടൻ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി നോക്കിയിരുന്ന സോജസ് ഭാര്യാ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. 20ന് മടങ്ങിപ്പോകാനിരിക്കേയാണ് അപകടം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മാതാവ്: അച്ചാമ്മ, ഭാര്യ: ഷേർളി. മകൻ: സജോ (എ.കെ.എം സ്‌കൂൾ ഒന്നാം ക്‌ളാസ് വിദ്യാർത്ഥി). സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. കേബിൾ സ്ഥാപനത്തെ കണ്ടെത്തി നോട്ടീസ് നൽകുമെന്ന് പൊലീസ് പറഞ്ഞു.