കൊച്ചി: പ്രളയം വിതച്ച കെടുതികൾക്ക് നടുവിൽ നിന്നാണ് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് കഴിഞ്ഞവർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞ്, സർവ മേഖലയുടെയും ക്ഷേമത്തിന് ഊന്നൽ നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. എന്നാൽ, അവയെല്ലാം ഫലം കണ്ടോ?
ഇതിനുള്ള ഉത്തരം ഇക്കുറി ബഡ്‌ജറ്രിൽ ധനമന്ത്രി നൽകുമെന്ന് പ്രതീക്ഷിക്കാം. നവ കേരളത്തിനായി കഴിഞ്ഞ ബഡ്‌ജറ്റിൽ 25 ഇന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇവയുടെ നിലവിലെ സ്ഥിതി ഇത്തവണ ബഡ്‌ജറ്റിൽ വ്യക്തമാക്കുമെന്ന് ഐസക് സൂചിപ്പിച്ചട്ടുണ്ട്.
വ്യവസായ പാർക്കുകളിൽ കോർപ്പറേറ്റ് നിക്ഷേപം, സ്‌റ്റാർട്ടപ്പുകൾ, മലബാർ കാപ്പിയും വയനാടും, കേരകൃഷി, രണ്ടാം കുട്ടനാട് പാക്കേജ്, തീരസംരക്ഷണം, പൊതുമേഖലയുടെ ഉന്നമനം, ഊർജ മിഷൻ, ഇലക്‌ട്രിക് വാഹനങ്ങൾ, തെക്ക്-വടക്ക് സമാന്തര റെയിൽപ്പാത, സ്‌പൈസസ് റൂട്ട്, പ്രവാസിക്ഷേമം, കേരളബാങ്ക് രൂപീകരണം, സ്‌ത്രീശാക്‌തീകരണവും കുടുംബശ്രീ ബ്രാൻഡിംഗും, സമ്പൂർണ പാർപ്പിടം, വിദ്യാഭ്യാസം, സാർവത്രിക ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ ബഡ്‌ജറ്രിൽ ഉണ്ടായിരുന്നത്.
ചെലവ് ചുരുക്കുമോ?
നികുതി കൂട്ടുമോ?
ചെലവ് ചുരുക്കലിലൂടെയാണ് സംസ്ഥാന സമ്പദ്‌സ്ഥിതി ഇപ്പോൾ തകരാതെ, ഭദ്രമായി നിലനിറുത്തുന്നത്. എന്നാൽ, നവകേരളത്തിന് ഊന്നൽ നൽകേണ്ടുന്നതിനാൽ ഏറെക്കാലം ചെലവ് നിയന്ത്രിക്കാൻ സർക്കാരിനാവില്ല. പകരം, അധിക വരുമാനം കണ്ടെത്താനുള്ള മാർഗം ധനമന്ത്രി ഇക്കുറി ബഡ്‌ജറ്രിൽ തേടിയേക്കും.
കഴിഞ്ഞതവണ ജി.എസ്.ടിയുടെ 12 മുതൽ 28 ശതമാനം വരെ സ്ളാബിലുള്ള ഉത്പന്നങ്ങൾക്കുമേൽ ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു. സ്വർണം, വെള്ളി എന്നിവയ്ക്ക് 0.25 ശതമാനം സെസും ഏർപ്പെടുത്തി. വാഹന രജിസ്‌ട്രേഷൻ നികുതിയും കൂട്ടി. ഇക്കുറിയും നികുതിഭാരത്തിൽ വർദ്ധന ബഡ്‌ജറ്റിൽ ഉണ്ടായേക്കും.
മേഖലകളുടെ പ്രതീക്ഷ
ആരോഗ്യം, ടൂറിസം, കാർഷികം, വ്യവസായം, ഐ.ടി മേഖലകൾക്ക് കഴിഞ്ഞ ബഡ്‌ജറ്രിൽ പരിഗണന ലഭിച്ചിരുന്നു. എങ്കിലും, ഇവയിൽ നിന്നും റിയൽ എസ്‌റ്രേറ്ര്, സ്വർണവ്യാപാരം തുടങ്ങിയ മേഖലകളിൽ നിന്നും ഇക്കുറിയും ആവശ്യങ്ങളും പരാതികളും ഏറെയുണ്ട്. നികുതിഭാരത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് റിയൽ എസ്‌റ്രേറ്ര് മേഖലയുടെ പ്രധാന ആവശ്യം. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം ഒഴിവാക്കണമെന്ന് സ്വർണവ്യാപാരികൾ പറയുന്നു.
അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് ഊന്നൽ വേണമെന്ന് ടൂറിസം രംഗത്തുള്ളവർ ആവശ്യപ്പെടുന്നു. വൻകിട തോട്ടങ്ങളിൽ മറ്റ് വിള കൃഷിക്കും അനുമതിയാണ് കാർഷികലോകം തേടുന്നത്.
നികുതിയിതര വരുമാനത്തിന്
ആലോചിക്കുമോ?
സർക്കാരിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടുത്താൻ നികുതി ഇതര വരുമാനങ്ങൾ കണ്ടെത്താൻ ധനമന്ത്രി ശ്രമിച്ചേക്കും. കേന്ദ്രസർക്കാരിന്റെ ചുവടുപിടിച്ച്, ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മൂലധന വിപണിയിൽ നിന്ന് പണം കണ്ടെത്താനുള്ള ആലോചനകൾക്ക് ധനമന്ത്രി തയ്യാറായേക്കും.