delhi-

ന്യൂഡൽഹി : ഫെബ്രുവരി 11ന് ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാവരുെ ഞെട്ടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഫെബ്രുവരി 8ലെ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണെന്നും വോട്ടെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ കോണ്ട്‌ലിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് ഷായുടെ പരാമർശം.

കോണ്ട്‌ലിയിലെ ആളുകൾ ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.‌ പൗരത്വ നിയമ ഭേദഗതി, രാമ ക്ഷേത്രം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ എ.എ.പിയും കോൺ​ഗ്രസും ബി.ജെ.പിയെ എതിർത്തത് അവരുടെ വോട്ട് ബാങ്ക് ഭയം കാരണമാണെന്നും ഷാ ആരോപിച്ചു.

ഡൽഹിയും രാജ്യവും സുരക്ഷിതമാക്കാൻ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ അഭ്യർത്ഥിച്ചു. നിങ്ങളുടെ തീരുമാനം എനിക്കറിയാം, ഫെബ്രുവരി പതിനൊന്നിലെ ഫലങ്ങൾ എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.