
മുംബൈ: പ്രഥമദൃഷ്ട്യ തെളിവുകളില്ലെന്ന വാദം അംഗീകരിച്ച് ഷീന ബോറ കൊലക്കേസിലെ പ്രതി പീറ്റർ മുഖർജിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കാൻ നിർദ്ദേശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ കഴിയുമ്പോൾ മക്കളുമായി ഒരുതരത്തിലും സമ്പർക്കം പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, സി.ബി.ഐ നൽകിയ അപേക്ഷ പരിഗണിച്ച് അല്പസമയത്തിനുള്ളിൽ തന്നെ ജാമ്യം നൽകിയുള്ള ഉത്തരവ് കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
സി.ബി.ഐക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള സമയവും അനുവദിച്ചു. കൊലപാതകം നടക്കുമ്പോൾ പീറ്റർ മുഖർജി ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുകയാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതി കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും ജസ്റ്റിസ് നിതിൻ സാംബ്‌റെ നിരീക്ഷിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്..