കാസർകോട്: നെടുമങ്ങാട് സ്വദേശിയും കാസർകോട് ഉപ്പളയിൽ സ്ഥിരതാമസക്കാരനുമായ വിജയൻ (63) പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങാൻ പോസ്റ്റ്മോർട്ടവും രാസപരിശോധനാറിപ്പോർട്ടും ലഭിക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഉപ്പളയിലെ വാടകവീട്ടിനുള്ളിലാണ് വാർപ്പ് മേസ്തിരിയായ വിജയന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് സന്ധ്യയോടെ തിരിച്ചെത്തിയ താൻ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് സംശയം തോന്നി മകനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടി പൊളിച്ചു നോക്കിയപ്പോഴാണ് മ‌ൃതദേഹം കണ്ടതെന്നാണ് ഭാര്യ രമാഭായി പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. വാടകവീട്ടിന്റെ വരാന്തയിൽ നിന്ന് കയറുന്ന ഭാഗത്തുള്ള മുറിയിൽ നിലത്ത് കിടന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണെണ്ണ നിറച്ച കന്നാസ് കിടന്നിരുന്നത് രണ്ട് ബെഡ്‌റൂമും കഴിഞ്ഞുള്ള അടുക്കളയിലായിരുന്നു. മരണവെപ്രാളമൊന്നും കാണിച്ചതിന്റെ ലക്ഷണമില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. വിജയനും മകനും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലായിരുന്നുവെന്നും മകന്റെ ഭാര്യ വീട്ടിൽ നിന്നും പിണങ്ങി പോയിരുന്നതായും നാട്ടുകാർ പൊലീസിന് മൊഴി നൽകി. ദുരൂഹത ഉണ്ടെന്ന പരാതിയെ തുടർന്ന് കണ്ണൂരിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മഞ്ചേശ്വരം എസ്.ഐ ഇ. അനൂപ്കുമാറാണ് കേസന്വേഷിക്കുന്നത്. 28 വർഷം മുമ്പാണ് വിജയനും കുടുംബവും ഉപ്പളയിൽ താമസം തുടങ്ങിയത്. രാജി, വിജേഷ് എന്നിവർ മക്കളാണ്.