നാടകരംഗത്തെ ആദ്യവനിതാ അഭിനേതാക്കളിൽ ഒരാളായിരുന്നു ബിനോദിനി ദാസി. ആഭിനയത്തോടുള്ള അഭിനിവേശം കാരണം സ്വന്തം ജീവിതം പോലും അവർക്ക് നൽകേണ്ടിവന്നു. ഒരു എഴുത്തുകാരി കൂടിയായിരുന്നു അവർ ആത്മകഥകളിലൂടെ തന്റെ ജീവിതം വരച്ചുകാട്ടുന്നു. ആത്മകഥകൾ എഴുതിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ നടിമാരിൽ ഒരാളായും ബിനോദിനി അറിയപ്പെടുന്നു.. അമർ കഥ (എന്റെ കഥ, 1912), അമർ അഭിനേത്രി ജിബോൺ (ഒരു അഭിനേത്രിയായി എന്റെ ജീവിതം, 1924 -25) എന്നിവ അവരുടെ കൃതികളാണ്.
നാടകരംഗത്ത് 12 വയസുള്ളപ്പോൾ എത്തിയ അവർക്ക് 11 വർഷത്തിനിപ്പുറം തന്റെ അഭിനയ ജീവതം അവസാനിപ്പിക്കേണ്ടി വന്നു. ദേവദാസികൾ എന്നറിയപ്പെട്ടിരുന്ന ലൈംഗികത്തൊഴിലാളികളുടെ ഒരു കുടുംബത്തിലാണ് ജനിച്ചത് എന്ന കാരണം കൊണ്ടുതന്നെ ചരിത്രത്തിൽ അവർ അവഗണിക്കപ്പെട്ടു. ഒരു നടി എന്ന നിലയിൽ ഒരുപാട് അപമാനവും, അവഗണയും അനുഭവിക്കേണ്ടിവന്നു. ജീവിതത്തിൽ ഒരുപാട് അപമാനം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും, അഭിനയിച്ച വേഷങ്ങൾ എല്ലാം അവിസ്മരണീയമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും നാടകലോകത്ത് അവർ നൽകിയ സംഭാവനകൾ വളരെ വലുതാണ്.
1862ലാണ് ബിനോദിനി ജനിച്ചത്. അമ്മയും മുത്തശ്ശിയും ലൈംഗിക തൊഴിലാളികളായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞ ആ കുടുംബത്തെ കരകയറ്റാൻ ബിനോദിനിയുടെ സഹോദരൻ അഞ്ച് വയസ്സുള്ളപ്പോൾ വിവാഹിതനാകേണ്ടി വന്നു. സഹോദരന് ലഭിച്ച സ്ത്രീധനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞുകൂടിയത്. പിന്നീട് വീട്ട് ചെലവുകൾക്കായി അഴർ താമസിച്ചിരുന്ന വീട്ടിലെ മുറികൾ വാടകയ്‌ക്ക് നൽകാൻ തുടങ്ങി. വീട്ടിൽ വാടകക്കാരനായി എത്തിയ പ്രശസത് ഗായകൻ ഗംഗാ ബൈജി യാണ് ബിനോദിനിയെ നാടകലോകത്തേക്ക് വഴിതെളിച്ചത്. അദ്ദേഹത്തിന്റെ സംഗീത പരിപാടികളിൽ ഒപ്പം പോയിരുന്ന ബിനോദിനി അവർ ആകസ്മികമായി നാടകം കാണുകയും അതവരെ വിസ്മയിപ്പിക്കുകയും ചെയ്തു..അങ്ങനെ അഭിനയത്തോട് പ്രണയം തോന്നിയ അവർ 12 -ാമത്തെ വയസ്സിൽ നാടകരംഗത്തേക്ക് വന്നു.
അവരുടെ ആദ്യത്തെ ശ്രദ്ധേയമായ വേഷം ഹരാലാൽ റേയുടെ നാടകത്തിലെ ഹേമലതയായിരുന്നു. സീത, ദ്രൗപതി തുടങ്ങിയ പുരാണ വേഷങ്ങളെയും അവർ അനശ്വരമാക്കി. അവരുടെ പ്രശസ്തി 1941 -ൽ മരിക്കുന്ന കാലം വരെ നീണ്ടുനിന്നു. പക്ഷേ, അവരുടെ സ്വകാര്യ ജീവിതം ഒരുപാട് ദുഃഖങ്ങളും, വഞ്ചനയും നിറഞ്ഞതായിരുന്നു. ഒരിക്കൽ തിയേറ്റർ നിർമ്മാണത്തിന് ധനസഹായം തേടി അവർ ഗുർമുഖ് റേ എന്ന ബിസിനസുകാനെ സമീപിച്ചു. അയാൾ ധനസഹായം നൽകാമെന്ന് അവൾക്ക് വാക്ക് കൊടുത്തു. പക്ഷേ, പകരമായി അയാൾ ചോദിച്ചത് അവരെ തന്നെയായിരുന്നു. നാടകത്തിനോടുള്ള അഭിനിവേശം അവരെ സ്വന്തം ജീവിതം പോലും അതിനായി പണയപ്പെടുത്താൻ നിർബന്ധിതയാക്കി. അങ്ങനെ ബിനോദിനി റേയ്‌ക്കൊപ്പം താമസമാരംഭിച്ചു. താമസിയാതെ അവൾ ഒരു മകളെ പ്രസവിച്ചെങ്കിലും ആ മകൾ പന്ത്രണ്ടാം വയസിൽ മരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം അവർ ഒരു പെൺകുട്ടിയെ ദത്തെടുത്തു.
പുരുഷ മേധാവിത്വമുള്ള മേഖലയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന അടിച്ചമർത്തലിന്റെയും ചതിയുടെയും, അപമാനത്തിന്റെയും കഥകൾ അവർ എഴുതി. വേതന വ്യവസ്ഥയിലെ അസമത്വം, പ്രേക്ഷകരുടെയും സഹനടന്മാരുടെയും അസഹിഷ്ണുത, മോശം തൊഴിൽ സാഹചര്യങ്ങൾ, ജാതി വിവേചനം തുടങ്ങിയവയെക്കുറിച്ച് ആത്മകഥയിൽ അവർ തുറന്നുപറഞ്ഞു.