ന്യൂഡൽഹി: ‌ഫെബ്രുവരി 8ന് നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി പുറത്തിറക്കിയ പ്രചാരണ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളും എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങളും കോർത്തിണക്കിയാണ് ഗാനം രൂപപ്പെടുത്തിയത്. എന്നാൽ രണ്ട് മിനിട്ടുള്ള ആ ഗാനത്തിനെതിരെ നിരവധി പേരാണ് യൂറ്റ്യൂബിൽ രംഗത്തെത്തിയത്.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അർബന്‍ നക്‌സലുകൾ എന്നാണ് ഗാനത്തിൽ വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇതിൽ പറയുന്നു. ജനുവരി 31ന് ബി.ജെ.പിയുടെ ഔദ്യോഗിക പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

വീഡിയോ ഇതിനോടകം 4.52ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. 4700 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്നാൽ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചവറാണ് കൂടുതൽ. ഇതിനോടകം 1.79 ലക്ഷം പേരാണ് വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചത്. മാത്രമല്ല വിമർശനവുമായി നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കരുത്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ഇന്ത്യയിലെ യുവാക്കള്‍ വെറും വിഡ്ഢികളല്ല തുടങ്ങിയ 11,524 കമന്റുകളാണ് വന്നിട്ടുള്ളത്. ഗാനത്തിനെതിരെ രംഗത്തെത്തിയവരിൽ കൂടുതലും മലയാളികളാണെന്നതും ശ്രദ്ധേയമാണ്.

bjp