ചെന്നൈ: തമിഴിലെ സൂപ്പർതാരം വിജയ്‍യുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി.. 30 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഉദ്യാഗസ്ഥർ വിജയ്‍യുടെ വീട്ടിൽ നിന്നും മടങ്ങുന്നത്. ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും മറ്റു നടപടികൾ..
ചോദ്യംചെയ്യൽ മാദ്ധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് അറിയിച്ചു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.
നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം.